സര്‍ക്കാര്‍ ഓഫീസുകള്‍ സിസിടിവി നിരീക്ഷണത്തിലാക്കാന്‍ കുവൈത്ത്

Update: 2018-05-13 05:35 GMT
Editor : admin
സര്‍ക്കാര്‍ ഓഫീസുകള്‍ സിസിടിവി നിരീക്ഷണത്തിലാക്കാന്‍ കുവൈത്ത്
Advertising

രാജ്യത്തെ മുഴുവന്‍ ഗവണ്‍മെന്റ് കാര്യാലയങ്ങളും സിസിടിവി നിരീക്ഷണത്തിലാക്കാന്‍ കുവൈത്ത് മന്ത്രിസഭ വീണ്ടും നിര്‍ദേശം നല്‍കി.

Full View

രാജ്യത്തെ മുഴുവന്‍ ഗവണ്‍മെന്റ് കാര്യാലയങ്ങളും സിസിടിവി നിരീക്ഷണത്തിലാക്കാന്‍ കുവൈത്ത് മന്ത്രിസഭ വീണ്ടും നിര്‍ദേശം നല്‍കി. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി രാജ്യം പൂര്‍ണമായി സര്‍വയിലന്‍സ് പരിധിയിലാക്കുന്നതിന്റെ ആദ്യപടിയായാണ് എല്ലാ സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകളിലും നിരീക്ഷണ കാമറ സ്ഥാപിക്കുന്നതെന്ന് അധികൃതര്‍ വിശദീകരിച്ചു.

കഴിഞ്ഞവര്‍ഷമാണ് രാജ്യം മുഴുവന്‍ സര്‍വയിലന്‍സ് കാമറകള്‍ സ്ഥാപിക്കുന്നതിനുള്ള ഉത്തരവ് ഔദ്യോഗികമായി പുറപ്പെടുവിച്ചത്. എന്നാല്‍ ഏതാനും മന്ത്രാലയങ്ങള്‍ മാത്രമാണ് ഉത്തരവ് നടപ്പാക്കിയിരുന്നത്. ഇതേ തുടര്‍ന്നാണ് മന്ത്രിസഭ വീണ്ടും ഇത് സംബന്ധിച്ച പുതിയ ഉത്തരവ് ഇറക്കിയത്. കുറ്റകൃത്യങ്ങള്‍ക്ക് അറുതി വരുത്തി രാജ്യത്തെ കൂടുതല്‍ സുരക്ഷിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കുവൈത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലും നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്ന ആഭ്യന്തര മന്ത്രാലയം തുടക്കമിട്ടത് . 2015 മാര്‍ച്ച് 23ന് ചേര്‍ന്ന മന്ത്രിസഭാ യോഗം നിര്‍ദേശം അംഗീകരിക്കുകയും ജൂണ്‍ 17നു പാര്‍ലമെന്റ് നിയമം പാസാക്കുകയും ചെയ്തതോടെ ഉത്തരവ് സംബന്ധിച്ച് ഗസറ്റില്‍ വിജ്ഞാപനമിറക്കിയിരുന്നു.

പദ്ധതി നടപ്പാക്കുന്നതിന്റെ ആദ്യപടിയായാണ് മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളും കാമറ നിരീക്ഷണത്തിലാക്കുന്നത്. രണ്ടാം ഘട്ടത്തില്‍ പൊതുസ്ഥലങ്ങളും താമസ, വാണിജ്യ കേന്ദ്രങ്ങളും കാമറക്കണ്ണിലാവും. ഹോട്ടലുകള്‍, ബാങ്കുകള്‍, സ്‌പോര്‍ട്‌സ് ക്‌ളബുകള്‍, സാംസ്‌കാരിക യുവജന കേന്ദ്രങ്ങള്‍ തുടങ്ങി രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളും കാമറ നിരീക്ഷണത്തിലാവുന്നതോടെ കുറ്റകൃത്യങ്ങള്‍ക്ക് അറുതി വരുത്താനാവുമെന്നും ജനങ്ങളുടെ ജീവിതം കൂടുതല്‍ സുരക്ഷിതമാവുമെന്നുമാണ് അധികൃതരുടെ കണക്കു കൂട്ടല്‍.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News