നോര്‍ക്ക പിണറായിക്ക്; പ്രതീക്ഷയോടെ പ്രവാസികള്‍
മുഖ്യമന്ത്രി പിണറായി വിജയന്‍ കൈകാര്യം ചെയ്യുന്ന നോര്‍ക്ക വകുപ്പിനു കീഴില്‍ പ്രവാസികള്‍ക്ക് ഏറെ പ്രതീക്ഷ. വൈകാതെ തന്നെ ഗള്‍ഫ് സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി പ്രവാസി പ്രശ്നങ്ങളില്‍ തന്നെ സര്‍ക്കാര്‍ നയം വിശദീകരിക്കുമെന്നാണ് സൂചന.
മുഖ്യമന്ത്രി പിണറായി വിജയന്‍ കൈകാര്യം ചെയ്യുന്ന നോര്‍ക്ക വകുപ്പിനു കീഴില്‍ പ്രവാസികള്‍ക്ക് ഏറെ പ്രതീക്ഷ. വൈകാതെ തന്നെ ഗള്‍ഫ് സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി പ്രവാസി പ്രശ്നങ്ങളില്‍ തന്നെ സര്‍ക്കാര്‍ നയം വിശദീകരിക്കുമെന്നാണ് സൂചന.
കേന്ദ്ര പ്രവാസി മന്ത്രാലയം തന്നെ മോദി സര്‍ക്കാര്‍ ഇല്ലായ്മ ചെയ്ത സാഹചര്യത്തില്‍ സംസ്ഥാന പ്രവാസി വകുപ്പിന് പുതുജീവന്‍ നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറാകും എന്നാണ് വിലയിരുത്തല്‍. പ്രവാസി പ്രശ്നങ്ങളില്‍ ഇടതു സര്‍ക്കാര്‍ കൃത്യമായ നയപരിപാടികള്‍ ആവിഷ്കരിക്കുമെന്ന് ഇലക്ഷന് മുന്നോടിയായി ഗള്‍ഫിലെത്തിയ പിണറായി വിജയന്‍ ഉറപ്പു നല്‍കിയിരുന്നു. പ്രവാസി പ്രശ്നങ്ങളില്‍ ഉള്‍ക്കാഴ്ചയുള്ള പിണറായി വിജയന്‍ തങ്ങളുടെ നീണ്ടകാല ആവശ്യങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുമെന്നാണ് പ്രവാസികള്‍ പ്രതീക്ഷിക്കുന്നത്.
ഇടതു പ്രകടന പത്രികയിലും പ്രവാസികളുമായി ബന്ധപ്പെട്ട നിരവധി വാഗ്ദാനങ്ങള്‍ ഉള്‍പ്പെടുത്തിയത് ഈ പ്രതീക്ഷക്ക് കരുത്തു പകരുന്ന ഘടകമാണ്. പ്രവാസികളോടുള്ള വിവേചനം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം, യാത്രാ ദുരിതം പരിഹരിക്കാന്‍ സ്വന്തം വിമാന കമ്പനി ആരംഭിക്കുക, സമഗ്ര പ്രവാസി നിയമനം എന്നിവയാണ് പ്രകടന പത്രിക ഉറപ്പു നല്‍കിയത്. എന്‍.ആര്‍.ഐ കമീഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തുടര്‍ നടപടി ഉണ്ടാകുമെന്നും അവര്‍ വിലയിരുത്തുന്നു.
അമിത വിമാന ടിക്കറ്റ് നിരക്ക്, കോഴിക്കോട് വിമാനത്താവള വികസനം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും ഇടതു സര്‍ക്കാര്‍ ഉറച്ച നിലപാട് സ്വീകരിക്കുമെന്നു തന്നെയാണ് പ്രവാസി സമൂഹം കരുതുന്നത്. പ്രവാസി വോട്ട് പൂര്‍ണാര്‍ഥത്തില്‍ യാഥാര്‍ഥ്യമാകുമെന്നിരിക്കെ, ഗള്‍ഫിലെ ഇടതുപോഷക സംഘടനകളും വന്‍ പ്രതീക്ഷയോടെയാണ് ഇടതു സര്‍ക്കാര്‍ നടപടികളെ ഉറ്റുനോക്കുന്നത്.