ഗള്‍ഫ് രാജ്യങ്ങളുടെ വികസന പദ്ധതികളുടെ രൂപരേഖക്ക് ജിസിസി അംഗീകാരം നല്‍കി
ഗള്‍ഫ് സഹകരണ കൌണ്‍സിലിലെ രാഷ്ട്രനേതാക്കള്‍ ജിദ്ദയില്‍ യോഗം ചേര്‍ന്നു.
ഗള്‍ഫ് സഹകരണ കൌണ്‍സിലിലെ രാഷ്ട്രനേതാക്കള്‍ ജിദ്ദയില്‍ യോഗം ചേര്‍ന്നു. ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തിക, വികസന പദ്ധതികള്‍ക്ക് സല്‍മാന്‍ രാജാവ് സമര്‍പ്പിച്ച രൂപരേഖക്ക് ജിസിസി നേതൃത്വം അംഗീകാരം നല്‍കിയതായി സെക്രട്ടറി ജനറല്‍ അബ്ദുല്ലതീഫ് അസ്സയ്യാനി വ്യക്തമാക്കി. യോഗത്തിന് ശേഷം സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ജുബൈറിനോടൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ജിദ്ദയിലെ കിംങ് അബ്ദുള്ള അന്താരാഷ്ട്ര സമ്മേളന ഹാളിലാണ് പതിനാറാമത് ജിസിസി രാഷ്ട്ര നേതാക്കളുടെ കൂടിയാലോചനാ യോഗം നടന്നത്. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ആറ് ഗള്‍ഫ് രാജ്യങ്ങളുടെ തലവന്‍മാര്‍ പങ്കെടുത്തു. സല്‍മാന്‍ രാജാവ് മുന്നോട്ടുവെച്ച സാമ്പത്തിക, വികസന പദ്ധതികളുടെ നടത്തിപ്പിന് പ്രത്യേക സമിതി രൂപീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായി. ആറ് ഗള്‍ഫ് രാജ്യങ്ങളുടെയും സമഗ്ര വികസനം മുന്നില്‍ കണ്ടാണ് പദ്ധതി തയ്യാറാക്കുന്നത്. മേഖലയിലെ രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടുന്നത് ഇറാന്‍ അവസാനിപ്പിച്ചാല്‍ നല്ല അയല്‍പക്ക ബന്ധത്തിന് ഗള്‍ഫ് രാജ്യങ്ങള്‍ തയ്യാറാണെന്ന് സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ജുബൈര്‍ പറഞ്ഞു.
സിറിയയിലെ ആഭ്യന്തര, തീവ്രവാദ പ്രശ്നങ്ങള്‍ മേഖലയില്‍ സൃഷ്ടിക്കുന്ന ഭീഷണി ഇല്ലാതാക്കാനും ഐ എസിനെ വകവരുത്താനും അന്താരാഷ്ട്ര കരസേനയെ സിറിയയിലേക്ക് നിയോഗിക്കണമെന്നും അല്‍ജുബൈര്‍ ആവശ്യപ്പെട്ടു. ലിബിയയിലെ നിയമാനുസൃത സര്‍ക്കാറിന് ഗള്‍ഫ് രാജ്യങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചതായും യമന്‍ പ്രശ്നത്തില്‍ കുവൈത്ത് ചര്‍ച്ചയുടെ വെളിച്ചത്തിലും യു.എന്‍ രക്ഷാസമിതിയുടെ കരാറിന്റെ അടിസ്ഥാനത്തിലുമുള്ള സമാധാനം പുന:സ്ഥാപിക്കണമെന്നും ജിസിസി രാഷ്ട്രനേതാക്കള്‍ അഭിപ്രായപ്പെട്ടു. ജിസിസി ആഭ്യന്തര മന്ത്രിമാരുടെ ഒത്തുചേരലിന്റെ എണ്ണം വര്‍ധിപ്പിക്കാനും വര്‍ഷത്തിലൊരിക്കല്‍ ജിസിസി, ബ്രിട്ടന്‍ സംയുക്തി ഉച്ചകോടി ചേരാനും തീരുമാനിച്ചതായും ഇരുവരും വ്യക്തമാക്കി. ഡിസംബറില്‍ റിയാദില്‍ ചേര്‍ന്ന് ജിസിസി സെക്രട്ടറിയേറ്റ് തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടാണ് നേതാക്കള്‍ ജിദ്ദയില്‍ സമ്മേളിച്ചത്.