റിയാദ് - കോഴിക്കോട് സെക്ടറില്‍ പുതിയ വിമാന സര്‍വീസ്; ബുക്കിങ് തുടങ്ങി
റിയാദ് - കോഴിക്കോട് സെക്ടറില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് പുതുതായി ആരംഭിക്കുന്ന വിമാന സര്‍വീസിന്‍റെ ബുക്കിങ് ആരംഭിച്ചു.
റിയാദ് - കോഴിക്കോട് സെക്ടറില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് പുതുതായി ആരംഭിക്കുന്ന വിമാന സര്‍വീസിന്‍റെ ബുക്കിങ് ആരംഭിച്ചു. 1,235 റിയാലാണ് മടക്ക യാത്രക്കുള്ള നിരക്ക്. ആഴ്ചയില്‍ നേരിട്ടുള്ള നാല് സര്‍വീസുകളാണ് ഉണ്ടാവുക.
റിയാദില്‍ നിന്നും കോഴിക്കോടേക്കും തിരിച്ചുമുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ട്രാവല്‍ ഏജന്‍സികള്‍ മുഖേനയും എയര്‍ഇന്ത്യ എക്സ്പ്രസിന്‍റെ വെബ്സൈറ്റ് വഴിയും യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. റിയാദില്‍ നിന്ന് കോഴിക്കോട്ടേക്ക് 705 റിയാലും തിരിച്ചുള്ളതിന് 530 റിയാലുമാണ് തുടക്കത്തില്‍ നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. രണ്ട് ഭാഗത്തേക്കും കൂടി ടാക്സ് ഉള്‍പ്പെടെ 1,235 റിയാലാണ് നിരക്ക്. ഡിസംബറില്‍ ആരംഭിക്കുന്ന വിമാന സര്‍വീസിന് ക്രിസ്തുമസ്, പുതുവര്‍ഷ സീസണിലും നിരക്ക് മാറ്റമില്ലാതെ തുടരുന്നതാണ് വെബ്സൈറ്റില്‍ കാണുന്നത്.
ഡിസംബര്‍ രണ്ടിന് ആരംഭിക്കുന്ന സര്‍വീസ് ആഴ്ചയില്‍ നാല് ദിവസമാണ് ഇരുഭാഗത്തേക്കും പറക്കുക. ഞായര്‍, തിങ്കള്‍, ബുധന്‍, വെള്ളി എന്നീ ദിവസങ്ങളിലുള്ള സര്‍വീസ് രാവിലെ 9:15ന് കോഴിക്കോട്ടുനിന്ന് പുറപ്പെട്ട് 11:45ന് റിയാദിലെത്തും. ഉച്ചക്ക് ശേഷം 1:15ന് റിയാദില്‍ നിന്ന് തിരിക്കുന്ന വിമാനം ഇന്ത്യന്‍ സമയം രാത്രി 8:45ന് കരിപ്പൂരെത്തും. കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത് മുതല്‍ റിയാദ് കോഴിക്കോട് സെക്ടറില്‍ നേരിട്ടുള്ള സര്‍വീസ് മുടങ്ങിയിരുന്നു. സൌദി എയര്‍ലൈന്‍സിന്‍റെയും എയര്‍ ഇന്ത്യയുടെയും വലിയ വിമാനങ്ങളാണ് സര്‍വ്വീസ് നടത്തിയിരുന്നത്. ഈ സര്‍വ്വീസ് മുടങ്ങിയതോടെ കണക്ഷന്‍ സര്‍വ്വീസുകളാണ് മലബാറില്‍ നിന്നുള്ള യാത്രക്കാര്‍ ആശ്രയിച്ചിരുന്നത്. അതിനാല്‍ പുതിയ കോഴിക്കോടേക്കുള്ള യാത്രക്കാര്‍ക്ക് ഏറെ സഹായകരമാവും.