ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ മാനേജിംഗ് കമ്മറ്റി തിരഞ്ഞെടുപ്പ് ഇന്ന്

Update: 2018-05-14 20:08 GMT
Editor : admin
ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ മാനേജിംഗ് കമ്മറ്റി തിരഞ്ഞെടുപ്പ് ഇന്ന്
Advertising

സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ രാവിലെ 8.30 മുതൽ വൈകുന്നേരം 4.30 വരെ ബോയ്സ് സ്കൂൾ കെട്ടിടത്തിൽ വെച്ചാണ് തിരഞ്ഞെടുപ്പ് നടക്കുക. സ്കൂളിലെ ഏകദേശം 12,000 ത്തോളം വരുന്ന വിദ്യാർഥികളിൽ ഇന്ത്യൻ കുട്ടികളുടെ രക്ഷിതാക്കൾക്കാണ് കമ്മറ്റി തിരഞ്ഞെടുപ്പിൽ മത്സരിക്കാനും വോട്ടു ചെയ്യാനും അവസരമുള്ളത്

ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ മാനേജിംഗ് കമ്മറ്റി തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 8.30 മുതൽ ആരംഭിക്കുന്ന തിരഞ്ഞെടുപ്പ് വൈകുന്നേരം 4.30 വരെ നീണ്ടുനിൽക്കും. ഏഴു മലയാളികൾ ഉൾപ്പെടെ പതിനേഴു സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടർ പട്ടിക അധികൃതർ നേരത്തെ പുറത്തുവിട്ടിരുന്നു.

സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ രാവിലെ 8.30 മുതൽ വൈകുന്നേരം 4.30 വരെ ബോയ്സ് സ്കൂൾ കെട്ടിടത്തിൽ വെച്ചാണ് തിരഞ്ഞെടുപ്പ് നടക്കുക. സ്കൂളിലെ ഏകദേശം 12,000 ത്തോളം വരുന്ന വിദ്യാർഥികളിൽ ഇന്ത്യൻ കുട്ടികളുടെ രക്ഷിതാക്കൾക്കാണ് കമ്മറ്റി തിരഞ്ഞെടുപ്പിൽ മത്സരിക്കാനും വോട്ടു ചെയ്യാനും അവസരമുള്ളത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ലഭിച്ച 28 അപേക്ഷകളിൽ നിന്നും സൂക്ഷ്മപരിശോധനക്ക് ശേഷം അംഗീകരിച്ച പതിനേഴു സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഇവരിൽ കേരളത്തിൽ നിന്നുള്ള ആറു പേരും മഹാരാഷ്ട്രയിൽ നിന്നുള്ള ഒരാളുമുൾപ്പെടെ ഏഴു പേർ മലയാളികളാണ്.

ആന്ധ്രപ്രദേശ്‌, ബീഹാർ, ഗുജറാത്ത്, കർണാടക എന്നിവിടങ്ങളിൽ നിന്നും ഓരോരുത്തരും തമിഴ്നാട്, ഉത്തർ പ്രദേശ്‌ എന്നിവിടങ്ങളിൽ നിന്നും മൂന്നു പേർ വീതവുമാണ് മറ്റുള്ള സ്ഥാനാർഥികൾ. പ്രാദേശിക പ്രാതിനിധ്യം പരിഗണിച്ച് ഒരു സംസ്ഥാനത്ത് നിന്നും പരമാവധി 2 അംഗങ്ങളെ മാത്രമേ കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കാൻ സാധിക്കൂ. കുട്ടികളുടെ രക്ഷിതാക്കളിൽ പിതാവിനോ മാതാവിനോ ഒരാൾക്ക്‌ മാത്രമേ വോട്ടവകാശം ഉണ്ടായിരിക്കുകയുള്ളൂ. താമസരേഖ അല്ലെങ്കിൽ സ്പോൺസർ സാക്ഷ്യപ്പെടുത്തിയ കോപ്പി എന്നിവയോടൊപ്പം അവസാനം ഫീ അടച്ച രേഖകളോ പാസ്പോർട്ട് കോപ്പിയോ ഹാജരാക്കണം.

ഒരു വോട്ടർ ഏഴു പേർക്ക് വോട്ടുകൾ രേഖപ്പെടുത്തണം. ഇങ്ങിനെ ഏറ്റവും കൂടുതൽ വോട്ടുകൾ നേടുന്ന 7 അംഗങ്ങളെയാണ് മൂന്നു വർഷം കാലാവധിയുള്ള കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കുക. ആറായിരത്തി ഒരുനൂറ്റി 63 പേരുള്ള വോട്ടർ പട്ടിക സ്കൂൾ അധികൃതർ നേരത്തെ പുറത്തുവിട്ടിരുന്നു. ഇവരിൽ ഭൂരിഭാഗവും മലയാളികളാണെന്നതിനാൽ തിരഞ്ഞെടുപ്പിൽ മലയാളി വോട്ടുകൾ നിർണായകമാണ്. സംഘടനയുടെ പേരിൽ മത്സരിക്കുന്നതിന് വിലക്കുണ്ടെങ്കിലും ഓരോ സ്ഥാനാർഥിക്കു വേണ്ടിയും വിവിധ സംഘനകൾ പ്രചാരണ രംഗത്തുണ്ട്. തിരഞ്ഞെടുപ്പിന് കേവലം രണ്ടു ദിവസം മാത്രം ബാക്കിനിൽക്കെ സോഷ്യൽ മീഡിയ, മൊബൈൽ തുടങ്ങിയവ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് സ്ഥാനാർഥികളും അവരുടെ സഹായികളും വോട്ടർമാർക്കിടയിൽ പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News