യെമനിലെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കും: സൌദി

Update: 2018-05-15 17:33 GMT
Editor : Sithara
യെമനിലെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കും: സൌദി
Advertising

സൌദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണുമായി കൂടിക്കാഴ്ച നടത്തി.

സൌദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണുമായി കൂടിക്കാഴ്ച നടത്തി. യെമനില്‍ കുട്ടികള്‍ കൊല്ലപ്പെടുന്നതില്‍ സൌദി സഖ്യത്തിന് പങ്കുണ്ടെന്ന യുഎന്‍ റിപ്പോര്‍ട്ടിന് പിന്നാലെയാണ് കൂടിക്കാഴ്ച. റിപ്പോര്‍ട്ടില്‍ നിന്ന് സൌദി സഖ്യത്തെ നീക്കം ചെയ്തതില്‍ പ്രതിഷേധവുമായി മനുഷ്യാവകാശ സംഘടനകള്‍ ബാന്‍ കി മൂണിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

യെമന്‍ പൌരന്മാരുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്താന്‍ സൌദി ശ്രമിക്കുമെന്ന് കൂടിക്കാഴ്ചക്ക് ശേഷം മുഹമ്മദ് ബിന്‍ സല്‍മാന്‍ അറിയിച്ചു. യുദ്ധം നടക്കുന്ന രാജ്യങ്ങളിലെ കുട്ടികള്‍ അനുഭവിക്കുന്ന ദുരിതങ്ങളെ സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് യുഎന്‍ സൌദിയെ കുറ്റപ്പെടുത്തുന്നത്. ഇറാന്‍ പിന്തുണക്കുന്ന ഹൂതി വിമതര്‍ക്കെതിരെ 2015ല്‍ സൌദി യെമനില്‍ ആരംഭിച്ച വ്യോമാക്രമണത്തില്‍ 510 കുട്ടികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 667 കുട്ടികള്‍ക്ക് ഗുരുതര പരിക്കുമുണ്ട്. റിപ്പോര്‍ട്ടില്‍ സൌദി അതൃപ്തി അറിയിച്ചതിനെ തുടര്‍ന്ന് യുഎന്‍ സൌദിയെ ഈ പട്ടികയില്‍നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനെതിരെ ആംനെസ്റ്റി ഇന്റര്‍ നാഷണലും ഹ്യൂമന്‍ റൈറ്റ്സ് വാച്ചുമടക്കമുള്ള മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

ബാന്‍ കി മൂണ്‍ വന്‍ശക്തികളുടെ സമ്മര്‍ദ്ദനത്തിന് വഴങ്ങിയെന്ന് ഈ സംഘടനകള്‍ കുറ്റപ്പെടുത്തി. ആഗസ്റ്റിലാണ് ഈ റിപ്പോര്‍ട്ട് യുഎന്‍ സുരക്ഷാ കൌണ്‍സിലില്‍ അവതരിപ്പിക്കുക. റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതിന് മുന്‍പ് തന്നെ യെമനിലെ കുട്ടികളുടെ സുരക്ഷക്ക് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് സൌദി കിരീടാവകാശി ഉറപ്പ് നല്‍കി.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News