സിബിഎസ്ഇ കരിയർ ഗൈഡൻസ് ഫെസ്റ്റിവൽ 2024 കുവൈത്ത് എഡിഷൻ സംഘടിപ്പിച്ചു
ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സഞ്ജയ് കുമാർ മുളുക പരിപാടി ഉദ്ഘാടനം ചെയ്തു
കുവൈത്ത് സിറ്റി: സിബിഎസ്ഇ കരിയർ ഗൈഡൻസ് ഫെസ്റ്റിവൽ 2024 കുവൈത്ത് എഡിഷൻ സംഘടിപ്പിച്ചു. വിദ്യാഭ്യാസം, കരിയർ ഗൈഡൻസ്, വ്യക്തിഗത വികസനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നടന്ന പരിപാടിയിൽ ആയിരത്തിലേറെ കുട്ടികളും അധ്യാപകരും പങ്കെടുത്തു. ആസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സഞ്ജയ് കുമാർ മുളുക ഉദ്ഘാടനം ചെയ്തു. യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡിആർഡിഒയിലെ അഗ്‌നി-IV മിസൈൽ പ്രോജക്ട് ഡയറക്ടറായ ഡോ. ടെസ്സി തോമസ്, രാഹുൽ ഈശ്വർ, രാഹുൽ ജെ നായർ എന്നിവർ വിവിധ വിഷയങ്ങളിൽ മുഖ്യപ്രഭാഷണങ്ങൾ നടത്തി.
സി.ബി.എസ്.ഇ ട്രെയിനിംഗ് & സ്‌കിൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. ബിശ്വജിത് സാഹ ഓൺലൈനായി ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യക്ക് പുറത്ത് ആദ്യമായാണ് സിബിഎസ്ഇ ഇത്തരത്തിലുള്ള പരിപാടി നടക്കുന്നത്. കുവൈത്തിലെ 24 സിബിഎസ്ഇ ഇന്ത്യൻ സ്‌കൂളുകളിലെ വിദ്യാർഥികളും അധ്യാപകരും പ്രിൻസിപ്പൽമാരും പരിപാടിയിൽ പങ്കെടുത്തു.ലോകത്തെ ആദ്യത്തെ ഹ്യൂമനോയിഡ് കരിയർ കോച്ചായ 'മിസ്.ലയ' യുടെ കരിയർ ഗൈഡൻസ് ക്ലാസ്സ് ശ്രദ്ധേയമായി.
യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളും ലൈഫോളജിയും സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. സുഷി ശ്രീജിത്തിന്റെ നൃത്തസംവിധാനത്തിൽ വിദ്യാർഥിനികൾ അവതരിപ്പിച്ച നൃത്തങ്ങൾ വർണ്ണാഭമായി. ആശാ ശർമ്മ,സ്റ്റെഫാനി മാത്യു, അതുൽ തോമസ്, ജോയ് ജോൺ, ടെസ്സി ചാണ്ടി, ജോയൽ ജേക്കബ്, ബോബി മാത്യൂസ് എന്നിവർ സന്നിഹിതരായിരുന്നു. രശ്മി എലിസബത്ത് സക്കറിയ, ഫിലിപ്പോസ് വർഗീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.