ഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ; അവശ്യസഹായങ്ങളടങ്ങിയ കപ്പൽ ഈജിപ്തിലെത്തി
ഗസ്സയിൽ യുഎഇ പ്രഖ്യാപിച്ച ഓപറേഷൻ ഷിവർലസ് നൈറ്റ് ത്രീയുടെ ഭാഗമായാണ് സഹായം
ദുബൈ: ഇസ്രായേൽ ആക്രമണം തുടരുന്ന ഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ. അവശ്യസഹായങ്ങളടങ്ങിയ കപ്പൽ ഈജിപ്തിലെത്തി. സഹായങ്ങൾ കരാതിർത്തി വഴിയാണ് ഫലസ്തീനിലെത്തിക്കുക. അവശ്യസഹായങ്ങൾ അടങ്ങിയ അഞ്ചാമത്തെ യുഎഇ കപ്പലാണ് ഈജിപ്തിലെ അൽ അരീഷ് തുറമുഖത്ത് ശനിയാഴ്ചയെത്തിയത്. 5112 ടൺ അവശ്യവസ്തുക്കളാണ് കപ്പലിലുള്ളത്. ഗസ്സയിൽ യുഎഇ പ്രഖ്യാപിച്ച ഓപറേഷൻ ഷിവർലസ് നൈറ്റ് ത്രീയുടെ ഭാഗമായാണ് സഹായം.
മരുന്ന്, ചികിത്സാ ഉപകരണങ്ങൾ, ഭക്ഷണം തുടങ്ങിയ അവശ്യവസ്തുക്കൾ അടങ്ങിയ കപ്പൽ ഒക്ടോബർ മുപ്പതിന് ദുബൈ അൽ ഹംറിയ തുറമുഖത്തു നിന്നാണ് യാത്ര തിരിച്ചത്. അഞ്ച് ആംബുലൻസുകളും കപ്പലിലുണ്ട്. ഇതോടെ, ഇസ്രായേൽ ആക്രമണത്തിന് ശേഷം യുഎഇ ഗസ്സയിലെത്തിക്കുന്ന സഹായം 34,000 ടൺ കവിഞ്ഞു.
ഓപറേഷൻ ഷിവർലസ് നൈറ്റ് ത്രീയുടെ ഭാഗമായി രണ്ട് ആശുപത്രികൾ അടക്കം നിരവധി സന്നദ്ധ പ്രവർത്തനങ്ങളാണ് യുഎഇ ഗസ്സയിൽ നടത്തിക്കൊണ്ടിരിക്കുന്നത്. ആറു ലക്ഷത്തിലേറെ പേർക്ക് പ്രയോജനം ലഭിക്കുന്ന കുടിവെള്ള പദ്ധതിയും ഭക്ഷണ വിതരണവും യുഎഇയുടേതായുണ്ട്. വിവിധ സന്നദ്ധ സംഘടനകളുമായി ചേർന്ന് ബേഡ്‌സ് ഓഫ് ഗുഡ്‌നസ് എന്ന പേരിൽ വടക്കൻ ഗസ്സയിലെ വിദൂര പ്രദേശങ്ങളിൽ ഭക്ഷണം എയർഡ്രോപ് ചെയ്യുന്നുമുണ്ട്. 3623 ടൺ ദുരിതാശ്വാസ സാമഗ്രികളാണ് യുഎഇ ഇതുവരെ ഗസ്സയിൽ എയർഡ്രോപ് ചെയ്തിട്ടുള്ളത്.