നിസ്സാര തുകയുടെ പേരില്‍ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയരുതെന്ന് കുവൈത്ത് മന്ത്രി
100 ദീനാറിൽ കുറഞ്ഞ സാമ്പത്തിക വ്യവഹാരങ്ങളുടെ പേരിൽ യാത്രാവിലക്ക് ഏർപ്പെടുത്തുന്ന നിയമം പരിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു
നിസ്സാര തുകയുടെ പേരില്‍ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്ന സാഹചര്യം ഉണ്ടാവാൻ പാടില്ലെന്നു കുവൈത്ത് നീതിന്യായമന്ത്രി ഫാലിഹ് അൽ അസബ് . 100 ദീനാറിൽ കുറഞ്ഞ സാമ്പത്തിക വ്യവഹാരങ്ങളുടെ പേരിൽ യാത്രാവിലക്ക് ഏർപ്പെടുത്തുന്ന നിയമം പരിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു.
യാത്രാവിലക്ക് നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. നിലവിലെ നിയമപ്രകാരം 500 ഫിൽസ് കൊടുക്കാനുള്ളവർ ബാധ്യതയുള്ളവർക്കെതിരെ പോലും യാത്രാ വിലക്കേർപ്പെടുത്താൻ പണം കിട്ടാനുള്ളവർക്ക് അവകാശമുണ്ട്. വിദേശയാത്ര പോകാനായി വിമാനത്താവളത്തിലെത്തുമ്പോഴാണ് പലരും യാത്രാവിലക്കുള്ള കാര്യം അറിയുക . ഇത് പല പ്രയാസങ്ങൾക്കും കാരണമാകുന്നതായാണ് പരാതി . യാത്രാ വിലക്കുമായി ബന്ധപ്പെട്ട നിയമത്തിൽ ഭേദഗതി വരുത്തുമെന്ന് വ്യക്തമാക്കിയ മന്ത്രി സാമ്പത്തിക ഇടപാടുകളുടെ പേരിൽ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന സാഹചര്യം ഇല്ലാതാക്കുമെന്നും കൂട്ടിച്ചേർത്തു .നീതിന്യായ മന്ത്രാലയത്തിന്റെ കണക്കനുസരിച്ചു രാജ്യത്ത് കഴിഞ്ഞ കഴിഞ്ഞ അഞ്ച് മാസത്തിനിടെ സ്വദേശികളും വിദേശികളുമുൾപ്പെടെ 3000 പേർക്കാണ് യാത്രാ വിലക്കേർപ്പെടുത്തിയത്.