ദേശീയ താരങ്ങള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സൌദി

Update: 2018-05-20 03:24 GMT
Editor : Alwyn K Jose
ദേശീയ താരങ്ങള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സൌദി
Advertising

നിതാഖാത്തില്‍ നാല് പേരായി പരിഗണിക്കാനും സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

രാജ്യത്തെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര വേദികളിലെത്തുന്ന കലാകാരന്മാര്‍ക്കും കളിക്കാര്‍ക്കും കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സൌദി മന്ത്രിസഭ തീരുമാനിച്ചു. ജോലി, വിദ്യാഭ്യാസം, ഇതര ആനുകൂല്യങ്ങള്‍ എന്നിവയില്‍ കൂടുതല്‍ പരിഗണന ലഭിക്കും. നിതാഖാത്തില്‍ നാല് പേരായി പരിഗണിക്കാനും സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

അന്താരാഷ്ട്ര തലത്തിലോ മേഖലാടിസ്ഥാനത്തിലോ ദേശീയാടിസ്ഥാനത്തിലോ കഴിവുതെളിയിച്ച കളിക്കാരെയും കാലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രിസഭ തീരുമാനമെന്ന് വാര്‍ത്താവിനിമയ മന്ത്രിയുടെ ചുമതല വഹിക്കുന്ന ഡോ. ഇസാം ബിന്‍ സഅദ് പറഞ്ഞു. സൗദിയുടെ അന്തസിന് നിരക്കുന്ന രീതിയില്‍ രാഷ്ട്രത്തെ പ്രതിനിധീകരിക്കുന്ന കലാകാരന്മാര്‍ക്കും കളിക്കാര്‍ക്കുമാണ് പുതിയ ആനുകൂല്യങ്ങള്‍ ലഭിക്കുക.

തൊഴില്‍ രംഗത്ത് നടപ്പാക്കിയ നിതാഖാത്തില്‍ ഇവരെ നാല് പൗരന്മാരുടെ പരിഗണനയിലാണ് കണക്കാക്കുക. രാഷ്ട്രത്തിന്റെ ചെലവില്‍ വിദേശത്ത് പഠിക്കാനും വിസിറ്റിങ് വിദ്യാര്‍ഥി പദവിക്കും ഇവര്‍ക്ക് അര്‍ഹതയുണ്ടായിരിക്കും. വിദേശത്ത് പരിശീലനത്തിലുള്ള കളിക്കാര്‍ക്ക് അതത് രാജ്യത്ത് പഠിക്കാന്‍ അവസരം നല്‍കും. പഠനത്തിനിടെ പരിശീലനത്തിന് വിദേശത്ത് പോകുന്നവര്‍ക്ക് അവിടെ പഠനം തുടരാന്‍ അവസരമൊരുക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന് മന്ത്രിസഭ നിര്‍ദേശം നല്‍കി.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News