ഖത്തറിനെതിരായ ഉപരോധം മാനുഷികതക്കെതിരായ കടന്നുകയറ്റമാണെന്ന് ഖത്തര്‍ അമീര്‍

Update: 2018-05-24 08:47 GMT
Editor : Jaisy
ഖത്തറിനെതിരായ ഉപരോധം മാനുഷികതക്കെതിരായ കടന്നുകയറ്റമാണെന്ന് ഖത്തര്‍ അമീര്‍
Advertising

ഭക്ഷണവും വഴിയും മുടക്കി ഒരു സ്വതന്ത്ര ജനതക്ക് മേല്‍ ഉപരോധമേര്‍പ്പെടുത്തുന്നതും ഭീകരതയുടെ പരിധിയില്‍ വരില്ലേ എന്ന് അമീര്‍ ചോദിച്ചു

ഖത്തറിനെതിരായ ഉപരോധം മാനുഷികതക്കെതിരായ കടന്നുകയറ്റമാണെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി പറഞ്ഞു. ഭക്ഷണവും വഴിയും മുടക്കി ഒരു സ്വതന്ത്ര ജനതക്ക് മേല്‍ ഉപരോധമേര്‍പ്പെടുത്തുന്നതും ഭീകരതയുടെ പരിധിയില്‍ വരില്ലേ എന്ന് അമീര്‍ ചോദിച്ചു. യുഎന്‍ പൊതു സഭയെ അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു അമീര്‍ . പരമാധികാരം അടിയറ വയ്ക്കാത്ത ഏത് ചര്‍ച്ചക്കും ഖത്തര്‍ തയ്യാറാണെന്നും അമീര്‍ വ്യക്തമാക്കി.

മേഖലയുടെയും ലോകത്തിന്റെയും സുരക്ഷയും സമാധാനവും ഖത്തര്‍ വിദേശ നയത്തിന്റെ ആണിക്കല്ലാണെന്നു പറഞ്ഞാത് ഖത്തര്‍ അമീര്‍ ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര സഭയുടെ 72 ാമത് പൊതുസഭയെ അഭിമുഖീകരിച്ചത്. നേരത്തെ ഈ വേദിയില്‍ നിന്നപ്പോഴെല്ലാം ഉപരോധത്തിനിരയായവര്‍ക്ക് വേണ്ടി സംസാരിച്ചിരുന്ന താന്‍ ഇപ്പോള്‍ സ്വന്തം ജനതക്കുവേണ്ടി സംസാരിക്കുകായാണെന്ന മുഖവുരയോടെയാണ് അദ്ദേഹം സംസാരമാരംഭിച്ചത് . ജൂണ്‍ 5 മുതല്‍ ഖത്തറിനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം തികഞ്ഞ അന്യായമാണെന്നും. മാനുഷികതക്കെതിരായ കടന്നു കയറ്റമാണ് ഉപരോധ രാജ്യങ്ങള്‍ നടത്തുന്നതെന്നും ഖത്തര്‍ അമീര്‍ പറഞ്ഞു . ഭീകരവാദത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന ഖത്തറിന് യുഎന്‍ ചട്ടങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാവണമെന്ന നിലപാടാണുള്ളതെന്നും അമീര്‍ വ്യക്തമാക്കി. സ്വതന്ത്രരായ ഒരു ജനതയെ ഭക്ഷണവും മരുന്നും വഴിയും മുടക്കി അന്യായമായി ഉപരോധിക്കുന്നതും ഭീകരതയുടെ പരിധിയില്‍ വരില്ലേയെന്ന ചോദ്യം ഖത്തര്‍ അമീര്‍ യുഎന്‍ പൊതുസഭയില്‍ ഉന്നയിച്ചു .

ഖത്തര്‍ ജനത ഉപരോധത്തിന് കീഴടങ്ങില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ അദ്ദേഹം ഉപരോധ രാജ്യങ്ങള്‍ക്കെതിരായ ശക്തമായ പ്രതികരണമാണ് ഐക്യരാഷ്ട്ര സഭക്കു മുമ്പാകെ ഉയര്‍ത്തിയത്. തങ്ങള്‍ക്കെതിരായ ഗൂഢാലോചന ചതിയായിരുന്നെന്നും സ്വന്തം ജനതയെ ജയിലിലടക്കുന്ന ഉപരോധരാജ്യങ്ങളുടെ നയങ്ങള്‍ മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. കുവൈത്തിന്റെ മധ്യസ്ഥ ശ്രമങ്ങളെ പ്രകീര്‍ത്തിച്ച അദ്ദേഹം പരമാധികാരം അടിയറ വയ്ക്കാത്ത ചര്‍ച്ചകള്‍ക്ക് തങ്ങള്‍ ഒരുക്കമാണെന്നും ആവര്‍ത്തിച്ചു. റോഹിങ്ക്യന്‍ ന്യൂനപക്ഷങ്ങള്‍ക്കു നേരയുള്ള അതിക്രമങ്ങള്‍ക്കെതിരെ അന്താരാഷ്ട്രസമൂഹം രംഗത്തുവരണമെന്നും വംശഹത്യ അവസാനിപ്പിക്കാന്‍ മ്യാന്‍മര്‍ ഭരണകൂടം സന്നദ്ധമാവണമെന്നും അമീര്‍ ആവശ്യപ്പെട്ടു. ഫലസ്തീന്‍ ജനതക്ക് പിന്തുണ അര്‍പ്പിച്ചും സിറിയ യെമന്‍ ലിബിയ എന്നിവിടങ്ങളില്‍ സമാധാനം പുലരുമെന്ന പ്രത്യാശ പ്രകടിപ്പിച്ചുമാണ് അമീര്‍ സംസാരമവസാനിപ്പിച്ചത് . ഭീകരത ഇല്ലായ്മ ചെയ്ത സമാധാനത്തിനായി യു എന്‍ നടത്തുന്നശ്രമങ്ങളെയും ഉപരോധത്തെ വിജയകരമായി മറികടക്കുന്ന ഖത്തര്‍ ജനതയുടെ നിശ്ചയ ദാര്‍ഡ്യത്തെയും അദ്ദേഹം അഭിനന്ദിച്ചു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News