സൗദി കമ്പനികളെ നിക്ഷേപത്തിന് ക്ഷണിച്ച് അരുണ്‍ ജെയ്റ്റ്‌ലി

Update: 2018-05-24 16:18 GMT
Editor : Subin
സൗദി കമ്പനികളെ നിക്ഷേപത്തിന് ക്ഷണിച്ച് അരുണ്‍ ജെയ്റ്റ്‌ലി
Advertising

വിസാ ചട്ടങ്ങളും നികുതിയിനത്തിലും ഇളവ് നല്‍കണമെന്ന് സൗദി പ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.

വാണിജ്യ, നിക്ഷേപ മേഖലയില്‍ സഹകരണം വര്‍ധിപ്പിക്കാനുറച്ച് ഇന്ത്യ സൗദി വാണിജ്യ കൗണ്‍സിലിന് സമാപനമായി. സൗദി കമ്പനികളെ നിക്ഷേപത്തിനായി ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇന്ത്യയിലേക്ക് ക്ഷണിച്ചു. വിസാ ചട്ടങ്ങളും നികുതിയിനത്തിലും ഇളവ് നല്‍കണമെന്ന് സൗദി പ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനാണ് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി റിയാദിലെത്തിയത്. സൗദി വാണിജ്യ നിക്ഷേപ മന്ത്രി ഡോ. മാജിദ് അല്‍ ഖസബിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇന്ത്യ സൗദി സംയുക്ത വാണിജ്യ കൌണ്‍സില്‍ യോഗത്തില്‍ ഇരുവരും പങ്കെടുത്തു. സൗദിയിലെ മുതിര്‍ന്ന വ്യവസായ പ്രമുഖരും മന്ത്രാലയ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. സാമ്പത്തിക പരിഷ്‌കരണത്തിന്റെ വഴിയില്‍ അതിവേഗം കുതിക്കുന്ന ഇന്ത്യക്കും സൗദി അറേബ്യക്കും വ്യാപാര നിക്ഷേപ മേഖലയില്‍ സഹകരിച്ച് മുന്നേറാനുള്ള സാധ്യതകള്‍ ധാരാളമുണ്ടെന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലി പറഞ്ഞു.

വിനോദ സഞ്ചാര, ഭക്ഷ്യ, പെട്രോകെമിക്കല്‍ മേഖലയില്‍ നിക്ഷേപകര്‍ക്ക് മികച്ച അന്തരീക്ഷം ഇന്ത്യയിലുണ്ട്. സൗദിയിലെ ചെങ്കടല്‍ ടൂറിസം പദ്ധതിയില്‍ ഇന്ത്യന്‍ നിക്ഷേപകര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള വിസ നടപടികള്‍ എളുപ്പമാക്കണമെന്നായിരുന്നു സൗദി പ്രതിനിധികളുടെ പ്രധാന ആവശ്യം. നികുതി നടപടികള്‍ ലഘൂകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. നിക്ഷേപ രംഗങ്ങളില്‍ സഹകരണത്തിനും വാണിജ്യ രംഗത്ത് സഹകരണം ശക്തമാക്കാനും യോഗത്തില്‍ ധാരണയായി. യോഗത്തിന്റെ മിനുട്ട്‌സ് ഇരു രാജ്യങ്ങളിലേയും ധനകാര്യ മന്ത്രിമാര്‍ ചേര്‍ന്ന് ഒപ്പു വെച്ചു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News