സൌദിയില്‍ ആശ്രിതര്‍ക്ക് ഏര്‍പ്പെടുത്തിയ ഫീസ് നിര്‍ത്തലാക്കേണ്ടതില്ലെന്ന് ശൂറ കൌണ്‍സില്‍
ഫീസ് നടപ്പാക്കുന്നതിലൂടെ കൂടുതല്‍ സ്വദേശി പൗരന്മാര്‍ക്ക് തൊഴിലവസരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു
സൗദിയില്‍ വിദേശ ജോലിക്കാരുടെ ആശ്രിതര്‍ക്ക് ജൂലൈ മുതല്‍ നടപ്പാക്കിത്തുടങ്ങിയ ഫീസ് ഈടാക്കുന്നതോ അടുത്ത വര്‍ഷങ്ങളില്‍ ഇരട്ടിപ്പിക്കുന്നതോ നിര്‍ത്തലാക്കേണ്ടതില്ലെന്ന് ശൂറ കൗണ്‍സില്‍ അംഗം ഡോ. ഫഹദ് ബിന്‍ ജുമുഅ. ഫീസ് നടപ്പാക്കുന്നതിലൂടെ കൂടുതല്‍ സ്വദേശി പൗരന്മാര്‍ക്ക് തൊഴിലവസരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആശ്രിത ഫീസ് പ്രാബല്യത്തില്‍ വന്ന സാഹചര്യത്തില്‍ വിദേശ ജോലിക്കാരുടെ പുതിയ സാമ്പത്തിക ബാധ്യതയെക്കുറിച്ച് വിവിധ വേദികളില്‍ വന്ന ചര്‍ച്ചയോട് പ്രതികരിക്കവെയാണ് ശൂറ കൗണ്‍സില്‍ അംഗം നിപലാട് വ്യക്തമാക്കിയത്. സൗദിക്ക് ആവശ്യമുള്ളതിന്‍െറ മൂന്നിരട്ടി വിദേശികള്‍ രാജ്യത്ത് നിലവിലുണ്ട്. സ്വദേശിവത്കരണം ശക്തമാക്കിയാല്‍ 40 ലക്ഷം വിദേശികളെ മാത്രമേ രാജ്യത്ത് ആവശ്യമാവുകയുള്ളൂ. എന്നാല്‍ നിലവില്‍ ഒരു കോടി പതിനെട്ട് ലക്ഷത്തോളം വിദേശികള്‍ സൌദിയിലുണ്ടെന്നാണ് കണക്ക്. ഇതില്‍ ഭൂരിപക്ഷവും ബിനാമി ഇടപാടുകളിലൂടെ സമ്പാദിച്ച് രാജ്യത്ത് കഴിഞ്ഞുകൂടുന്നവരാണ്. ഗ്രാമങ്ങളിലും വില്ലേജുകളിലും വരെ ആവശ്യത്തിലധികം ബഖാലകളും ലോണ്ടറികളും പ്രവര്‍ത്തിക്കുന്നത് ഇതിന്റെ ഫലമാണ്. ഇവയില്‍ ഭൂരിപക്ഷവും ബിനാമി സ്വഭാവത്തിലും പരമ്പരാഗത രീതിയിലുള്ളതുമാണ്. പ്ലാന്‍ഡ് നഗരത്തിന് നിരക്കുന്ന തരത്തിലല്ല ഇവ നിലകൊള്ളുന്നത്. തൊഴിലവസരം സ്വദേശികള്‍ക്ക് നല്‍കുന്നതിലൂടെയും വിദേശികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും ഫീസ് ഏര്‍പ്പെടുത്തുന്നതിലൂടെ രാഷ്ട്രത്തിന്റെ വരുമാനം വര്‍ധിക്കുമെന്നും ഡോ. ഫഹദ് അഭിപ്രായപ്പെട്ടു. സ്വകാര്യ മേഖലയില്‍ 16.5 ശതമാനം മാത്രമാണ് സ്വദേശികളുടെ അനുപാതം. ആവശ്യത്തിലധികമുള്ള വിദേശികള്‍ രാജ്യംവിടുന്നതോടെ ഉയര്‍ന്ന ശമ്പളമുള്ള തസ്തികകളില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ അവസരം ലഭ്യമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിച്ചാല്‍ ഉല്‍പാദനച്ചെലവ് വര്‍ധിക്കാനും അതുകാരണം സാധനങ്ങള്‍ക്ക് വില വര്‍ധിക്കാനും സാധ്യതയുണ്ടെന്ന അഭിപ്രായത്തോട് അദ്ദേഹം വിയോജിച്ചു. വിപണി നിലവാരം ആവശ്യവും ലഭ്യതയുമനുസരിച്ച് തീരുമാനിക്കുന്നതാണെന്നും ഡോ. ഫഹദ് പറഞ്ഞു.