റാണ അയ്യൂബിന് അശ്ലീല സന്ദേശമയച്ച ജീവനക്കാരനെ പുറത്താക്കിയതിനു പിന്നാലെ മാപ്പഭ്യർഥനയുമായി തൊഴിലുടമകൾ
ഉടനടി നടപടി സ്വീകരിച്ചതു തന്നെ ഏറെ പ്രശംസനീയമാണെന്ന് പ്രതികരിച്ച് യു.എ.ഇ ഭരണകൂടത്തെയും അഭിനന്ദിച്ച റാണയെ വീണ്ടും ആശ്ചര്യപ്പെടുത്തിയാണ് കമ്പനി അധികൃതരുടെ വിളി എത്തിയത്.
ഇന്ത്യൻ മാധ്യമപ്രവർത്തകക്കെതിരെ അശ്ലീല സന്ദേശമയച്ച ജീവനക്കാരനെ പുറത്താക്കിയതിനു പിന്നാലെ മാപ്പഭ്യർഥനയുമായി തൊഴിലുടമകൾ. പ്രശസ്തമായ ഷാർജാ നാഷനൽ പെയിൻറ്സ് കമ്പനിയാണ് ഏറെ മാതൃകാപരമായ നടപടിയുമായി മുന്നോട്ടു വന്നത്. പ്രമുഖ അന്വേഷണാത്മക പത്രപ്രവർത്തകയും ഏറെ ചർച്ച ചെയ്യപ്പെട്ട 'ഗുജറാത്ത് ഫയൽസ്' പുസ്തകത്തിന്റെ രചയിതാവുമായ റാണ അയ്യൂബിനെ അപമാനിക്കാൻ ശ്രമിച്ച ഹരിപ്പാട് സ്വദേശി ബിൻസി ലാലിനെ പരാതി ലഭിച്ച് 24 മണിക്കൂറിനകം ഇവർ പുറത്താക്കിയിരുന്നു.
നാഷനൽ പെയിൻറ്സിന്റെ സഹസ്ഥാപനമായ ആൽഫ പെയിൻറ്സിൽ ഉപഭോക്തൃ സേവന വിഭാഗം ജീവനക്കാരനായിരുന്നു കുറ്റാരോപിതനായ ബിൻസിലാൽ. ഉടനടി നടപടി സ്വീകരിച്ചതു തന്നെ ഏറെ പ്രശംസനീയമാണെന്ന് പ്രതികരിച്ച് യു.എ.ഇ ഭരണകൂടത്തെയും അഭിനന്ദിച്ച റാണയെ വീണ്ടും ആശ്ചര്യപ്പെടുത്തിയാണ് കമ്പനി അധികൃതരുടെ വിളി എത്തിയത്. ജീവനക്കാരനെ ഒഴിവാക്കിയെങ്കിലും തങ്ങളുടെ സ്ഥാപനത്തിൽ ജോലി ചെയ്ത ഒരാൾ കാണിച്ച അപമര്യാദ മൂലമുണ്ടായ മാനസിക വിഷമത്തിൽ ക്ഷമ അഭ്യർഥിക്കുകയായിരുന്നുവെന്ന് റാണ പറഞ്ഞു. നേരിൽ കണ്ട് ക്ഷമ പറയുന്നതിന് കമ്പനി പ്രതിനിധിയെ ഉടനടി ഇന്ത്യയിലേക്ക് അയക്കുമെന്നും സ്ത്രീകളുടെ മാന്യത ലംഘിക്കും വിധം പ്രവർത്തിച്ച മുൻ ജീവനക്കാരനെതിരെ യു.എ.ഇ പൊലീസിൽ പരാതി നൽകുമെന്നും അവർ അറിയിച്ചു. കമ്പനിയുടെ നടപടി അങ്ങേയറ്റം മതിപ്പുളവാക്കുന്നതാണെന്ന് റാണ കൂട്ടിച്ചേർത്തു.
ഫേസ്ബുക്കിലൂടെ അശ്ലീല സന്ദേശമയക്കുന്നത് അസഹ്യമായതോടെയാണ് ഇയാളുടെ ചിത്രം സഹിതവും കമൻറുകളും ട്വിറ്റർ മുഖേന റാണ അയ്യൂബ് പരസ്യപ്പെടുത്തിയത്. ഇത് ഓൺലൈൻ സുഹൃത്തുക്കളിൽ ചിലർ കമ്പനിയുടെ ശ്രദ്ധയിൽ പെടുത്തിയതോടെയാണ് നടപടികളുണ്ടായത്.
This pic.twitter.com/JVeG8Yq9au
— Rana Ayyub (@RanaAyyub) April 11, 2017
Just a sample of the filth i receive on my facebook page. Time to name and shame this pervert pic.twitter.com/e6xeA019JF
— Rana Ayyub (@RanaAyyub) April 6, 2017