ഹജ്ജ് തീര്‍ഥാടകര്‍ സൌദിയില്‍ എത്തിത്തുടങ്ങി
ഗോവയില്‍ നിന്നാണ് ഇത്തവണത്തെ ആദ്യ ഇന്ത്യന്‍ സഘം
ഈ വര്‍ഷത്തെ ഹജ്ജ് യാത്രക്ക് തുടക്കം കുറിച്ച് തീര്‍ഥാടകര്‍ സൌദിയില്‍ എത്തി തുടങ്ങി. ഗോവയില്‍ നിന്നെത്തിയ ആദ്യ ഇന്ത്യന്‍ സംഘത്തെ അംബാസിഡറുടെ നേതൃത്വത്തില്‍ മദീനയില്‍ സ്വീകരിച്ചു. എട്ടു വിമാനങ്ങളിലായി രണ്ടായിരത്തി ഇരുനൂറ്റി അറുപത് ഇന്ത്യന്‍ ഹാജിമാരാണ് ഇന്ന് പ്രവാചക നഗരിയിലെത്തുക.
ഹജ്ജ് യാത്രക്ക് തുടക്കം കുറിച്ച് പാകിസ്ഥാനില്‍ നിന്നാണ് ആദ്യ വിമാനം മദീനയില്‍ എത്തിയത്. രാവിലെ 7.45ന് മദീന വിമാനത്താവളത്തില്‍ ആദ്യ ഇന്ത്യന്‍ സംഘവുമെത്തി. ഗോവയില്‍ നിന്നുള്ള എയര്‍ഇന്ത്യ വിമാനത്തിലുണ്ടായിരുന്നത് 318 തീര്‍ഥാടകര്‍.
അംബാഡസര്‍ അഹമ്മദ് ജാവേദ്, കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ്,ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം എന്നിവരുടെ നേതൃത്വത്തില്‍ തീര്‍ഥാടകരെ സ്വീകരിച്ചു. വിമാനത്താവളത്തിന് പുറത്ത് മദീന ഹജ്ജ് വെല്‍ഫെയര്‍ ഫോറം പ്രവര്‍ത്തകര്‍ തീര്‍ഥാടകരെ വരവേറ്റു.
ഇന്ന് ഇന്ത്യയില്‍ നിന്ന് എട്ട് വിമാനങ്ങളാണ് മദീനയില്‍ എത്തുക. ഗോവ ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് രണ്ടും ലക്നൌ , വരാണസി മംഗലാപുരം ഗുവാഹത്തി എന്നിവടങ്ങളില്‍ ഓരോ വിമാനങ്ങളും സര്‍വീസ് നടത്തും. ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം പേരാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഇത്തവണ ഹജ്ജ് നിര്‍വഹിക്കാനെത്തുക. അടുത്ത മാസം എട്ട് മുതലാണ് ജിദ്ദ വഴിയുള്ള ഇന്ത്യന്‍ ഹാജിമാരുടെ തീര്‍ഥാടനം ആരംഭിക്കുക.