അറബ് ഊര്‍ജ്ജ വിപണി ആരംഭിക്കാനുള്ള നീക്കത്തിന് സൗദി മന്ത്രിസഭയുടെ അംഗീകാരം
പ്രൈവറ്റ് വാഹനങ്ങള്‍ ടാക്സിയായി ഉപയോഗിക്കുന്നതിനും നിബന്ധനകളോടെ മന്ത്രിസഭ അംഗീകാരം നല്‍കി
അറബ് ഊര്‍ജ്ജ വിപണി ആരംഭിക്കാനുള്ള നീക്കത്തിന് സൗദി മന്ത്രിസഭ അംഗീകാരം നല്‍കി. വൈദ്യുതിക്ഷാമം പരിഹരിക്കാനും ഈ രംഗത്ത് അറബ് രാഷ്ട്രങ്ങളുടെ സഹകരണം ശക്തമാക്കാനുമാണ് ഊര്‍ജ്ജ വിപണി. പ്രൈവറ്റ് വാഹനങ്ങള്‍ ടാക്സിയായി ഉപയോഗിക്കുന്നതിനും നിബന്ധനകളോടെ മന്ത്രിസഭ അംഗീകാരം നല്‍കി.
സല്‍മാന്‍ രാജാവിന്റെ അദ്ധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ഊര്‍ജ്ജ രംഗത്തെ പുതിയ സഹകരണത്തിന് അംഗീകാരം നല്‍കിയത്. സൗദി ഊര്‍ജ്ജ, വ്യവസായ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ഫാലിഹ് സമര്‍പ്പിച്ച കരടിന് മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നു. സൗദിയിലെ യുനസ്കോ അംഗീകാരമുള്ള ടൂറിസ പ്രദേശമായ മദായിന്‍ സാലിഹ് ഉള്‍പ്പെടുന്ന അല്‍ഉല്‍ മേഖലയുടെ ടൂറിസ വികസനത്തിന് ഫ്രാന്‍സുമായി സഹകരണം ശക്തമാക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. സൗദിക്ക് വേണ്ട് അല്‍ഉലാ മേഖല മേയര്‍ ധാരണാപത്രത്തില്‍ ഒപ്പുവെക്കും. അടുത്ത ദിവസം നടക്കുന്ന കിരീടാവകാശിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തില്‍ ഇതുമായി ബന്ധപ്പെട്ട ഒപ്പുവെക്കല്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വകാര്യ ഉടമയിലുള്ളതും വ്യക്തികള്‍ക്ക് സ്വന്തമായി ഓടിക്കാന്‍ അനുമതിയുള്ളതുമായ പ്രൈവറ്റ് വാഹനങ്ങള്‍ ടാക്സിയായി ഉപയോഗിക്കുന്നതിനും മന്ത്രിസഭ അംഗീകാരം നല്‍കി. സൗദി പൊതുഗതാഗത അതോറിറ്റിയുടെ അനുമതി ലഭിച്ച ശേഷമാണ് സ്വന്തം വാഹനങ്ങള്‍ ടാക്സി ആവശ്യത്തിന് ഉപയോഗിക്കാനാവുക. അനുമതിക്കുന്ന നിബന്ധനകള്‍ മന്ത്രിസഭ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടില്ല.