കുവൈത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട 80 നഴ്സുമാരുടെ പട്ടിക ഇന്ത്യൻ എംബസി കുവൈത്ത് ആരോഗ്യമന്ത്രാലയത്തിനു കൈമാറി
നിയമന ഉത്തരവ് ലഭിച്ചിട്ടും ജോലിയോ ശമ്പളമോ ഇല്ലാതെ പ്രയാസത്തിലായ നഴ്‌സുമാരുടെ പട്ടികയാണ് എംബസി ആരോഗ്യമന്ത്രാലയത്തിനു കൈമാറിയത്
2015ന് ശേഷം കുവൈത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട 80 നഴ്സുമാരുടെ പട്ടിക ഇന്ത്യൻ എംബസി കുവൈത്ത് ആരോഗ്യമന്ത്രാലയത്തിനു കൈമാറി. നിയമന ഉത്തരവ് ലഭിച്ചിട്ടും ജോലിയോ ശമ്പളമോ ഇല്ലാതെ പ്രയാസത്തിലായ നഴ്‌സുമാരുടെ പട്ടികയാണ് എംബസി ആരോഗ്യമന്ത്രാലയത്തിനു കൈമാറിയത്.
ഇന്ത്യൻ അംബാസഡർ കെ.ജീവ സാഗർ കുവൈത്ത് ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ.ബാസിൽ അൽ സബാഹുമായി നടത്തിയ കൂടിക്കാഴ്ചയുടെ തുടർച്ചയായാണ് എംബസ്സി ജോലിയില്ലാത്ത നഴ്‌സുമാരുടെ പട്ടിക തയാറാക്കിയത്. ഇന്ത്യയിൽനിന്നുള്ള നഴ്സ് റിക്രൂട്ട്മെന്റ് വിവാദത്തിലായ 2015ൽ റിക്രൂട്ട് ചെയ്യപ്പെട്ടവരാണ് കുവൈത്തിൽ എത്തിയിട്ടും ജോലി ലഭിക്കാതെയോ ജോലി ലഭിച്ചിട്ടും ശമ്പളം കിട്ടാതെയോ പ്രതിസന്ധിയിലായത്. നഴ്‌സുമാർ പരാതിയുമായി എംബസിയെ സമീപിച്ചതിനെ തുടർന്നു അംബാസിഡർ വിഷയം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്പെടുത്തിയിരുന്നു . തുടർന്ന് നടന്ന കൂടിക്കാഴ്ചയുടെ അടിസ്‌ഥാനത്തിൽ നിയമനം ലഭിച്ചിട്ടും ജോലിയിൽ പ്രവേശിക്കാനാകാത്ത മുഴുവൻ നഴ്‌സുമാരും എംബസിയിൽ രജിസ്റ്റർ ചെയ്യണമെന്നു എംബസി അറിയിച്ചിരുന്നു.
നിശ്ചിത സമയത്തിനകം എംബസിയിൽ രജിസ്റ്റർ ചെയ്ത 80 പേരുടെ വിശദാംശങ്ങളാണ് ആരോഗ്യമന്ത്രാലയത്തിനു കൈമാറിയത്. കുവൈത്ത് ആരോഗ്യമന്ത്രാലയം അധികൃതർ ഇന്ത്യയിൽ നിന്ന് നേരിട്ട് റിക്രൂട്ട് ചെയ്യുകയും കുവൈത്തിൽ എത്തിയ ശേഷം ജോലി ലഭിക്കാതിരിക്കുകയോ ജോലി ലഭിച്ചിട്ടും ശമ്പളം ലഭിക്കാതിരിക്കുകയോ ചെയ്തവരുടെ വിവരങ്ങളാണ് പട്ടികയിലുള്ളത് . ആരോഗ്യമന്ത്രാലയത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നുവെന്ന് തെളിയിക്കുന്ന രേഖകൾ സഹിതമാണ് പട്ടിക കൈമാറിയത് . പട്ടികയിൽ ഉള്ള എൺപത് പേരുടെ കാര്യത്തിൽ അനുകൂല നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എംബസി വൃത്തങ്ങൾ പറഞ്ഞു .