സൗദിയിലെ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി

Update: 2018-06-04 04:39 GMT
Editor : Subin
സൗദിയിലെ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി
Advertising

2018 ജൂണ്‍ 24 മുതല്‍ രാജ്യത്ത് സ്ത്രീകള്‍ക്ക് ഡ്രൈവിംങ് ലൈസന്‍സ് അനുവദിക്കാനുള്ള സുപ്രധാന തീരുമാനമാണ് സല്‍മാന്‍ രാജാവ് ചൊവ്വാഴ്ച രാത്രി പ്രഖ്യാപിച്ചത്

സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി നല്‍കി സുപ്രധാന തീരുമാനം. അടുത്ത വര്‍ഷം ജൂണ്‍ 24 മുതലാണ് സ്ത്രീകള്‍ക്ക് ലൈസന്‍സ് അനുമതിക്കുക. കഴിഞ്ഞ ദിവസം രാത്രി സല്‍മാന്‍ രാജാവാണ് സൗദി ചരിത്രത്തിലെ സുപ്രധാന വിജ്ഞാപനം പുറത്തിറക്കിയത്.

2018 ജൂണ്‍ 24 മുതല്‍ രാജ്യത്ത് സ്ത്രീകള്‍ക്ക് ഡ്രൈവിംങ് ലൈസന്‍സ് അനുവദിക്കാനുള്ള സുപ്രധാന തീരുമാനമാണ് സല്‍മാന്‍ രാജാവ് ചൊവ്വാഴ്ച രാത്രി പ്രഖ്യാപിച്ചത്. സൗദി ജനത ആഹ്ലാദപൂര്‍വ്വമാണ് തീരുമാനത്തെ സ്വാഗതം ചെയ്തത്. സൗദി ഉന്നതസഭയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാജാവ് ആഭ്യന്തരമന്ത്രാലയത്തിന് ഇതു സംബന്ധിച്ച ഉത്തരവ് നല്‍കിയത്.

സ്ത്രീകളുടെ സുരക്ഷയും രാജ്യത്തിന്റെ പുതിയ സാഹചര്യങ്ങളും പരിഗണിച്ചാണ് ഉത്തരവ്. ഇസ്‌ലാമിക ശരീഅത്ത് നിയമമനുസരിച്ച് സ്ത്രീകള്‍ക്ക് വാഹനമോടിക്കുന്നതിന് വിലക്കില്ല. എന്നാല്‍ മുന്‍ കരുതല്‍ എന്ന നിലക്കായിരുന്നു വിലക്ക് ഏര്‍പെടുത്തിയിരുന്നത്. വിലക്ക് ഇനി തുടരേണ്ടതില്ലെന്നാണ് ഉന്നതസഭയിലെ ഭൂരിപക്ഷം പണ്ഡിതന്‍മാരുടെയും അഭിപ്രായമെന്നും സൗദി പ്രസ് ഏജന്‍സി പുറത്തുവിട്ട രാജവിജ്ഞാപനത്തില്‍ പറയുന്നു.

പദ്ധതി നടപ്പിലാക്കുന്നത് പഠിക്കാന്‍ പ്രത്യേക സമിതിയെയും നിശ്ചയിച്ചിട്ടുണ്ട്. ആഭ്യന്തരം, ധനകാര്യകാര്യം, തൊഴില്‍സാമൂഹികക്ഷേമം എന്നീ മന്ത്രാലയ പ്രതിനിധികള്‍ അടങ്ങിയ കമ്മിറ്റി മുപ്പത് ദിവസത്തിനകം നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കും. സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി ഇല്ലാത്തതിനാല്‍ ആയിരക്കണക്കിന് വിദേശികളാണ് സൗദി വീടുകളില്‍ ഡ്രൈവര്‍മാറായി ജോലി ചെയ്യുന്നത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇവരുടെ ജോലി നഷ്ടപ്പെടുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News