കുവൈത്തിൽ പൊതുമേഖലയിൽ ജോലി ചെയ്യുന്ന 3140 വിദേശികളെ പിരിച്ചു വിടും
പൊതുമേഖലയിലെ സ്വദേശിവത്കരണം സമയബന്ധിതമായി നടക്കുന്നതായും സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു
കുവൈത്തിൽ പൊതുമേഖലയിൽ ജോലി ചെയ്യുന്ന 3140 വിദേശികളെ അടുത്ത മാസം തുടക്കത്തിൽ പിരിച്ചു വിടുമെന്ന് സിവിൽ സർവിസ് കമീഷൻ പകരം സ്വദേശികളെ നിയമിക്കുന്നതിന് വേണ്ടിയാണ് വിദേശികളെ ഒഴിവാക്കുന്നത്. പൊതുമേഖലയിലെ സ്വദേശിവത്കരണം സമയബന്ധിതമായി നടക്കുന്നതായും സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു.
പാർലമെന്റിലെ സ്വദേശിവത്കരണ സമിതിയുടെ അന്വേഷണത്തിന് മറുപടിയായാണ് സിവിൽ കമീഷൻ ഇക്കാര്യം അറിയിച്ചത്. പൊതുമേഖലയിലെ സ്വദേശിവത്കരണം സമയബന്ധിതമായി നടക്കുന്നുണ്ട്. സിവിൽ സർവിസ് കമീഷനിൽ രജിസ്റ്റർ ചെയ്ത ബിരുദ യോഗ്യതയുള്ളവരുടെ പട്ടിക അടുത്ത മാസം പ്രഖ്യാപിക്കും. രജിസ്റ്റർ ചെയ്ത അപേക്ഷകരുടെ വിവരങ്ങൾ പരിഷ്കരിക്കുന്നതിനായി സിവിൽ സർവീസ് കമ്മീഷൻ തയ്യാറാക്കിയ രൂപരേഖ പാർലമെന്റിലെ സ്വദേശിവൽക്കരണ സമിതി ഐകകണ്ഠേന അംഗീകരിച്ചു. സർക്കാർ ജോലിക്കായി സിവിൽ സർവിസ് കമീഷനിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്ന 10000 സ്വദേശി യുവാക്കളുടെ നിയമന കാര്യം ചർച്ച ചെയ്യാൻ സമിതി ഞായറാഴ്ച യോഗം ചേരും . വിവിധ മന്ത്രാലയ പ്രതിനിധികളും വകുപ്പ് മേധാവികളും യോഗത്തിൽ സംബന്ധിക്കുമെന്നു സമിതി അധ്യക്ഷൻ ഖലീൽ അൽ സാലിഹ് എം.പി പറഞ്ഞു.