ഇറാനെതിരെ നിലപാട് കടുപ്പിച്ച് ബഹ്റെെന്‍
‘അയൽ പക്ക മര്യാദകൾ ലംഘിച്ച് ബഹ്റൈനിൽ അസ്ഥിരത സ്യഷ്ടിക്കാനാണ് ഇറാൻ ശ്രമിക്കുന്നത്’
ഇറാനെതിരെ നിലപാട് കടുപ്പിച്ച് ബഹ്റൈൻ വിദേശ കാര്യമന്ത്രി ശൈഖ് ഖാലിദ് ബിൻ അഹമദ് ബിൻ മുഹമ്മദ് അൽ ഖലീഫ. കൈറോവിൽ അറബ് ലീഗിൻ്റെ ഭാഗമായി സംഘടിപ്പിച്ച ചതുർ രാഷ്ട്ര മന്ത്രി തലയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയൽ പക്ക മര്യാദകൾ ലംഘിച്ച് ബഹ്റൈനിൽ അസ്ഥിരത സ്യഷ്ടിക്കാൻ ശ്രമിക്കുന്ന ഇറാൻ്റെ നിലപാടിനോട് ചതുർ രാഷ്ട്ര യോഗത്തിൽ കടുത്ത പ്രതിഷേധമാണ് ബഹ്റൈൻ പ്രകടിപ്പിച്ചത്. എല്ലാ പരിധികളും ലംഘിക്കുന്ന തരത്തിൽ ബഹ്റൈൻ്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്ന നയം ഇറാൻ തുടരുകയാണെന്ന് വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിൻ അഹ് മദ് ബിൻ മുഹമ്മദ് അൽ ഖലീഫ കുറ്റപ്പെടുത്തി.
രാജ്യത്തിൻ്റെ സുരക്ഷക്ക് വെല്ലുവിളി ഉയർത്തുന്ന രിതിയിൽ പ്രതിലോമകരമായ ഗ്രൂപ്പുകളെ ഇറാൻ നിരന്തരം സഹായിക്കുകയാണ്. വിപ്ലവ ഗാർഡുകൾ, ഹിസ്ബുല്ല തുടങ്ങിയവയെ ഉപയോഗിച്ചാണ് ബഹ്റൈനെതിരെയുള്ള തീവ്രവാദ പ്രവർത്തനത്തിനെ ഒളിഞ്ഞും തെളിഞ്ഞും ഇറാൻ പിന്തുണക്കുന്നത്. രാജ്യത്ത് നടന്ന വിധ്വംസക പ്രവർത്തനങ്ങളുടെ ഉറവിടം ഇറാനാണെന്ന് ഇതിനകം തിരിച്ചറിഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വിവിധ സന്ദർഭങ്ങളിലായി ആയുധങ്ങൾ പിടികൂടിയതടക്കമുള്ള തെളിവുകൾ സൂചിപ്പിക്കുന്ന ബഹ്റൈൻ ആഭ്യന്തരമന്ത്രാലയത്തിൻ്റെ റിപ്പോർട്ടും അദേഹം യോഗത്തിൽ അവതരിപ്പിച്ചു. രാജ്യത്ത് കുഴപ്പം വിതക്കാനുള്ള ഇറാൻ്റെ നീക്കത്തിനെതിരെ രാജ്യവും ജനതയും ശക്തമായി നിലകൊള്ളുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സൗദി അറേബ്ബ്യ, യു.എ.ഇ, ഈജിപ്ത്, ബഹ്റൈൻ എന്നീ രാഷ്ട്രങ്ങളിലെ വിദേശകാര്യ മന്ത്രിമാരെക്കൂടാതെ അറബ് ലീഗ് സെക്രട്ടറി ജനറലും പങ്കെടുത്ത യോഗം ഇറാൻ്റെ നിലപാടിനെ ശക്തമായി അപലപിച്ചു.