ഹെൻലി പാസ്‌പോർട്ട് ഇൻഡക്സ്; 6 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഖത്തർ ആദ്യ 50ൽ ഇടം പിടിച്ചു
199 രാജ്യങ്ങളുടെ പാസ്‌പോർട്ടുകളാണ് പട്ടികയിലുള്ളത്
ദോഹ: ലോകത്തെ പാസ്‌പോർട്ടുകളുടെ റാങ്കിങ്ങിൽ ഖത്തറിന് മുന്നേറ്റം. ആറ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ ഖത്തർ പാസ്‌പോർട്ട് ആദ്യ 50 ൽ ഇടം പിടിച്ചു. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻവെസ്റ്റ്‌മെന്റ് ആന്റ് മൈഗ്രേഷൻ കൺസൾട്ടൻസിയായ ഹെൻലി ആന്റ് പാർട്‌ണേഴ്‌സാണ് റാങ്കിങ് തയ്യാറാക്കിയത്. അയാട്ടയിൽ നിന്നുള്ള വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് റാങ്കിങ്.
കഴിഞ്ഞ വർഷത്തേതിനേക്കാൾ 6 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ ഖത്തർ പാസ്‌പോർട്ട് 47ാം റാങ്കിലെത്തി. 199 രാജ്യങ്ങളുടെ പാസ്‌പോർട്ടുകളാണ് പട്ടികയിലുള്ളത്. 112 രാജ്യങ്ങളിലേക്ക് ഖത്തർ പാസ്‌പോർട്ട് ഉപയോഗിച്ച് വിസയില്ലാതെ പ്രവേശനം ലഭിക്കും. ജിസിസി രാജ്യങ്ങളിൽ യുഎഇയ്ക്കാണ് ഒന്നാം സ്ഥാനം. പത്താം റാങ്കിലുള്ള യുഎഇ പാസ്‌പോർട്ട് ഉപയോഗിച്ച് 185 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം. ആഗോള തലത്തിൽ സിംഗപ്പൂർ ഒന്നാം സ്ഥാനത്തും ജപ്പാൻ രണ്ടാം സ്ഥാനത്തും ആണ്.