ബഹ്റൈനിൽ വാറ്റ് ജനുവരി ഒന്ന് മുതൽ
94 ഭക്ഷ്യവസ്തുക്കളെയും ചില അടിസ്ഥാന സേവനങ്ങളെയും വാറ്റിൽ നിന്ന് ഒഴിവാക്കും.
ബഹ്റൈനിൽ ജനുവരി 1 മുതൽ തന്നെ മൂല്യവർധിത നികുതി- വാറ്റ് നടപ്പിലാക്കുവാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി. 94 ഭക്ഷ്യവസ്തുക്കളെയും ചില അടിസ്ഥാന സേവനങ്ങളെയും വാറ്റിൽ നിന്ന് ഒഴിവാക്കും.
അഞ്ചു മില്യൻ ദിനാർ വാർഷിക വിറ്റുവരവുള്ള കമ്പനികളാണ് ആദ്യ ഘട്ടത്തിൽ ബഹ്റൈനിൽ മൂല്യവർധിത നികുതിയുടെ പരിധിയിൽ വരുക. ഇത് രാജ്യത്തെ ചെറുകിട കച്ചവടക്കാർക്ക് ആശ്വാസകരമാകും. അഞ്ചു മില്യൺ ദിനാർ വാർഷിക വിറ്റുവരവുളള കമ്പനികൾ ജനുവരി ഒന്നിന് മുമ്പ് ടാക്സ് അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യണമെന്ന് ധനകാര്യമന്ത്രാലയം അസി.അണ്ടർസെക്രട്ടറി റാണ ഫാഖിഹി അറിയിച്ചു. നാഷണൽ ബ്യൂറോ ഫോർ ടാക്സേഷൻ-എൻ.ബി.ടിയിലാണ് കമ്പനികൾ തങ്ങളുടെ പൂർണ്ണ വിവരങ്ങൾ അറിയിക്കേണ്ടത്.
അതേസമയം 94 അടിസ്ഥാന ഭക്ഷ്യവസ്തുക്കളെയും ചില അടിസ്ഥാന സേവനങ്ങളെയും വാറ്റിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വാറ്റ് നടപ്പിലാക്കുന്നതിനുള്ള ജി.സി.സി രാഷ്ട്രങ്ങളുടെ ഏകീകൃത ഗൾഫ് കരാർ ബഹ്റൈൻ അംഗീകരിച്ചതിന്റെ ചുവട് പിടിച്ചാണ് ബഹ്റൈനിലും വാറ്റ് നടപ്പിലാക്കുന്നത്.
വാറ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ ഹോട്ട് ലൈൻ നമ്പറായ 80008001 എന്ന നമ്പറിലോ vat@mof.gov.bh എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാം.