റമദാന്‍; കുവൈത്തില്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ സമയം മാറുന്നു
കോവിഡ് പ്രതിരോധ കുത്തിവെപ്പിന് പോകുന്നവർക്ക് രാത്രികാല കര്‍ഫ്യൂവില്‍ ഇളവുണ്ടാകും.
റമദാനോടനുബന്ധിച്ച് രാജ്യത്തെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് കേന്ദ്രങ്ങളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തിയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിരോധ കുത്തിവെപ്പിന് അപ്പോയ്ന്‍മെന്‍റ് ലഭിച്ചവർ കൃത്യസമയത്തെത്തണമെന്നും മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അൽ സനദ് നിർദേശിച്ചു.
മിഷ്രിഫ് ഫെയർ ഗ്രൗണ്ടിലെ പ്രധാന കേന്ദ്രത്തിന്‍റെ റമദാനിലെ പ്രവർത്തന സമയം രാവിലെ പത്തുമുതൽ രാത്രി പത്തുവരെയാണ്. നസീം, മസായീൽ എന്നിവിടങ്ങളിലെ ഹെൽത്ത് സെന്‍ററുകളിൽ രണ്ട് ഷിഫ്റ്റായാണ് വാക്സിൻ നൽകുക. രാവിലെ ഒമ്പതു മുതൽ ഉച്ചയ്ക്ക് ഒന്നുവരെ ആദ്യ ഷിഫ്റ്റും രാത്രി എട്ടുമുതൽ 12 വരെ രണ്ടാമത്തെ ഷിഫ്റ്റും പ്രവർത്തിക്കും. പ്രൈമറി ഹെൽത്ത് സെന്‍ററുകളിലെയും സ്കൂളുകളിലെയും കുത്തിവെപ്പ് കേന്ദ്രങ്ങൾ രാത്രി എട്ടുമുതൽ 12 വരെയാണ് പ്രവർത്തിക്കുക.
കുവൈത്തില്‍ രാത്രികാല കർഫ്യൂ നിലവിലുണ്ടെങ്കിലും കോവിഡ് പ്രതിരോധ കുത്തിവെപ്പിന് പോകുന്നവർക്ക് ഇളവുണ്ട്. കർഫ്യൂ പരിശോധനയ്ക്കുള്ള സുരക്ഷാ ഉദ്യോഗസ്ഥർക്ക് കുത്തിവെപ്പിനുള്ള അപ്പോയ്ന്‍മെന്‍റ് രേഖ കാണിച്ചാൽ മതിയാകും. സഹകരണ സംഘങ്ങളിലെയും മസ്ജിദുകളിലെയും ജീവനക്കാർക്ക് മൊബൈൽ യൂണിറ്റുകളാണ് കുത്തിവെപ്പെടുക്കുന്നത്.
പരമാവധി പേർക്ക് പെട്ടെന്ന് കോവിഡ് വാക്സിൻ നൽകാനാണ് ആരോഗ്യ മന്ത്രാലയം ശ്രമിക്കുന്നത്. ഏഴര ലക്ഷത്തില്‍പ്പരം ആളുകള്‍ കുവൈത്തിൽ ഇതിനോടകം വാക്സിൻ സ്വീകരിച്ചു.