ഗള്‍ഫില്‍ കൊറോണ ഭീതി: കുവൈത്തിൽ മൂന്നു പേർക്കും ബഹ്റൈനിൽ ഒരാൾക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചു
ഇറാനില്‍ നിന്ന് തിരിച്ചെത്തിയവര്‍ക്കാണ് കൊറേണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്
ഗള്‍ഫില്‍ കൊറോണ ഭീതി. കുവൈത്തിൽ മൂന്നു പേർക്ക് കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഇറാനിലെ മശ്‌ഹദിൽ നിന്നു തിരിച്ചെത്തിച്ചവരിൽ മൂന്ന് പേർക്കാണ് പ്രാഥമിക പരിശോധനയിൽ കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്. 53 വയസ്സുള്ള കുവൈത്ത് പൗരൻ, 61 വയസ്സുള്ള സഊദി പൗരൻ, 21 കാരനായ ബിദൂനി യുവാവ് എന്നിവർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങിയിട്ടില്ലെന്നും കുവൈത്ത് ആരോഗ്യമന്ത്രാലയം വാർത്താ കുറിപ്പിൽ അറിയിച്ചു.
ബഹ്റൈനിൽ ഒരാൾക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതാദ്യമായാണ് രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. ഇറാനിൽ നിന്ന് എത്തിയ സ്വദേശി പൗരന് കൊറോണ വൈറസ് ബാധയുണ്ടെന്ന വിവരം ആരോഗ്യമന്ത്രാലയമാണ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ ഇബ്രാഹിം ഖലീൽ അൽ കാനൂ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു.
വൈറസ് ബാധിച്ച രോഗിയുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ ബഹ്റൈന്‍ മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാണ്. ആരും പരിഭ്രാന്തരാകേണ്ടതില്ലെന്നും വൈറസിന്റെ വ്യാപനം തടയാൻ വേണ്ട മുൻകരുതലുകൾ എടുത്തതായും മന്ത്രാലയം അറിയിച്ചു. പനി, ശ്വാസതടസ്സം, ചുമ എന്നിവയുണ്ടെങ്കിൽ വൈദ്യ പരിശോധനക്ക് വിധേയമാകണമെന്നും മന്ത്രാലയം അധിക്യതർ വ്യക്തമാക്കി.