തിയേറ്ററുകള്‍ അടഞ്ഞു തന്നെ: 'ഡ്രൈവ് ഇന്‍ സിനിമ' ആരംഭിക്കാന്‍ കുവെെത്ത്
കാറിൽ ഇരുന്നു കൊണ്ട് തന്നെ സിനിമ കാണുന്നതിനുള്ള ഓപ്പൺ എയർ സ്ക്രീനിംഗ് സംവിധാനമാണ് ഡ്രൈവ് ഇൻ സിനിമകളിൽ ഉണ്ടാവുക.
കുവൈത്തിൽ 'ഡ്രൈവ് ഇൻ സിനിമ' തിയറ്ററുകൾ ആരംഭിക്കാൻ വാണിജ്യ മന്ത്രാലയം അനുമതി നൽകി. കോവിഡ് പ്രതിസന്ധി മൂലം തിയേറ്ററുകൾ തുറക്കാൻ വൈകുന്ന പശ്ചാത്തലത്തിലാണ് ഡ്രൈവ് ഇൻ തിയേറ്റർ പദ്ധതിക്ക് അധികൃതർ അനുമതി നൽകിയത്.
കോവിഡ് കാരണം കുവൈത്തിൽ തിയേറ്ററുകൾ അടഞ്ഞു കിടക്കുകയാണ്. വിനോദ മേഖല വൻ പ്രതിസന്ധിയിലും നിലവിലെ പ്രതിസന്ധി എന്ന് തീരുമെന്നത് പ്രവചനാധീതമായി തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ഡ്രൈവ് ഇൻ സിനിമ തിയറ്റർ എന്ന ആശയത്തിന് വാണിജ്യ മന്ത്രാലയം അനുമതി നൽകിയത്.
വാണിജ്യ, വ്യവസായ മന്ത്രി ഫൈസൽ അൽ മിദ്ലജ് ആണ് വിനോദ മേഖലക്ക് കരുത്ത് പകരുന്ന ഉത്തരവ് പുറപ്പെടുവിച്ചത്. കാറിൽ ഇരുന്നു കൊണ്ട് തന്നെ സിനിമ കാണുന്നതിനുള്ള ഓപ്പൺ എയർ സ്ക്രീനിംഗ് സംവിധാനമാണ് ഡ്രൈവ് ഇൻ സിനിമകളിൽ ഉണ്ടാവുക.
അറബ് രാജ്യങ്ങളിൽ ആദ്യമായി സിനിമ പ്രദർശനം ആരംഭിച്ച രാജ്യമാണ് കുവൈത്ത്. 1974 ഒക്ടോബറിൽ 'ദി ചൈനീസ് ആർ കമിങ്' എന്ന വിദേശ സിനിമയാണ് രാജ്യത്ത് ആദ്യമായി പ്രദർശിപ്പിച്ചത്. പുതു തലമുറയിൽ നിരവധി സ്വദേശി യുവാക്കൾ ചലച്ചിത്രമേഖലയിലേക്ക് കടന്നു വരികയും അന്താരാഷ്‌ട്ര അംഗീകാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്