കൊവിഡ് 19: പ്രധാന കായിക മൽസരങ്ങള്‍ ഗൾഫ് രാജ്യങ്ങൾ നിര്‍ത്തിവെച്ചു
കൊവിഡ് 19നെ തുടര്‍ന്ന് വിവിധ രാജ്യങ്ങളിലുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാ വിലക്കിനെ തുടര്‍ന്നാണ് തീരുമാനം.
കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ പ്രധാന കായിക മൽസരങ്ങള്‍ ഗൾഫ് രാജ്യങ്ങൾ നിര്‍ത്തിവെച്ചു. പശ്ചിമേഷ്യയിൽ രോഗബാധിതരുടെ എണ്ണം 1200 കവിഞ്ഞു. ഏത് അടിയന്തര ഘട്ടവും നേരിടാനുള്ള തയാറെടുപ്പിലാണ് സൗദി ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ.
കുവൈത്തിൽ കോവിഡ് 19 ബാധിതരുടെ എണ്ണം 56 ആയി. പിന്നിട്ട 24 മണിക്കൂറിനുള്ളിൽ 10 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെയാണിത്. ഇറാൻ സന്ദർശിച്ചു തിരിച്ചെത്തിയവർക്കാണ് രോഗബാധയെന്ന് ആരോഗ്യ മന്ത്രാലയം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ബഹ്റൈനിൽ 6 പേർക്ക് കൂടിയാണ് ഇന്നലെ രാത്രിയോടെ രോഗം ഉറപ്പിച്ചത്. ഇതോടെ രോഗികളുടെ എണ്ണം 47 ആയി. ഖത്തറിൽ മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കുവൈത്തിൽ 46ഉം യു.എ.ഇയിൽ 21ഉം ഒമാനിൽ ആറും കേസുകളാണ് ഇതിനകം റിപ്പോർട്ട് ചെയ്തത്.
പ്രധാന കായിക മേളകൾ ഉൾപ്പെടെ പരിപാടികൾ പലതും മാറ്റിവെക്കാൻ വിവിധ ഗൾഫ് രാജ്യങ്ങൾ തീരുമാനിച്ചു. ഖത്തറിൽ അടുത്ത വാരം നടക്കേണ്ട മോട്ടോ ജിപി മൽസരവും മാറ്റി വെച്ചവയിൽ ഉൾപ്പെടും. ഇറ്റലി ഉൾപ്പെടെ കൊവിഡ് 19 പടർന്ന രാജ്യങ്ങളിൽ നിന്നുള്ള കളിക്കാർ കൂടി ഉൾപ്പെടുന്നതിനാലാണ് മുൻകരുതൽ എന്ന നിലക്ക് പ്രധാന കായിക മൽസരങ്ങൾ മാറ്റിവെക്കാനുള്ള തീരുമാനം.
കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിൽ സ്കൂളുകളും യു.എ.ഇയിൽ നഴ്സറി സ്ഥാപനങ്ങളും ഈ മാസം പകുതി വരെ അടച്ചിടാനാണ് തീരുമാനം. ഏതൊരു അടിയന്തര സാഹചര്യവും നേരിടുന്നതിന്‍റെ ഭാഗമായി സൗദിയിൽ 25 ആശുപത്രികൾ സജ്ജമാക്കിയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സമ്പദ് മേഖലയിൽ കൊവിഡ് 19 സൃഷ്ടിച്ച ആഘാതം മാറ്റമില്ലാതെ തുടരുകയാണ്. എണ്ണവിലയിടിവ് ഉൽപാദക രാജ്യങ്ങളെ ഞെട്ടിക്കുമാറ് തുടരുന്നു. ഗൾഫ് ഓഹരി വിപണികളിൽ ഇന്നും തകർച്ചയാണ്.