നീറ്റ് പരീക്ഷ; വിദേശത്തുള്ളവര്‍ക്ക് പ്രത്യേക വിമാനത്തിന്റെ സാധ്യത തേടി ഹൈക്കോടതി

വിമാനം ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ കേന്ദ്രസർക്കാറിനോട് ഹൈക്കോടതി വിശദീകരണം തേടി. ഇതോടൊപ്പം കേന്ദ്രആഭ്യന്തര, വിദേശകാര്യ, വ്യോമയാന മന്ത്രാലയങ്ങളെ ഹരജിയിൽ കക്ഷി ചേർക്കുകയും ചെയ്തു.

Update: 2020-06-23 13:05 GMT
Advertising

നാഷണൽ എലിജിബിലിറ്റി എൻട്രൻസ്(നീറ്റ്) പരീക്ഷയില്‍ പങ്കെടുക്കുന്നതിന് തയാറെടുക്കുന്ന വിദേശത്തുള്ള പരീക്ഷാര്‍ത്ഥികളെ ഇന്ത്യയിലെത്തിക്കാൻ പ്രത്യേക വിമാനങ്ങൾ അനുവദിക്കുന്നതിന്റെ സാധ്യത തേടി ഹൈക്കോടതി. വിമാനം ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ കേന്ദ്രസർക്കാറിനോട് ഹൈക്കോടതി വിശദീകരണം തേടി. ഇതോടൊപ്പം കേന്ദ്രആഭ്യന്തര, വിദേശകാര്യ, വ്യോമയാന മന്ത്രാലയങ്ങളെ ഹരജിയിൽ കക്ഷി ചേർക്കുകയും ചെയ്തു.

കോവിഡായതിനാല്‍ വിദേശത്ത് പരീക്ഷ കേന്ദ്രം തുറക്കുകയോ പരീക്ഷ മാറ്റിവെക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് ഖത്തറിലെ കേരള മുസ്ലീം കൾച്ചറൽ സെന്റര്‍ ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് നൽകിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുള്ളത്. വിദേശത്ത് പരീക്ഷ കേന്ദ്രങ്ങൾ തുറക്കാനോ ഓൺലൈൻ സംവിധാനം നടപ്പാക്കാനോ കഴിയില്ലെന്ന് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയും (എം.സി.ഐ) ദേശീയ പരീക്ഷ ഏജൻസിയും (എൻ.ടി.എ) കഴിഞ്ഞ ദിവസം ഹൈകോടതിയില്‍ നിലപാടറിയിച്ചിരുന്നു. .

ജോയിന്റ് എൻട്രൻസ് പരീക്ഷക്കായി നാഷണൽ ടെസ്റ്റിങ് ഏജൻസി വിദേശത്ത് സെന്റര്‍ അനുവദിച്ചിട്ടുണ്ടെന്നും സമാന നിലപാട് നീറ്റിന്റെ കാര്യത്തിലും വേണമെന്നുമാണ് ഹരജിക്കാരുടെ ആവശ്യം. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ നീറ്റ് പരീക്ഷ എഴുതുന്നതിനായി ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നത് വെല്ലുവിളിയാണ്. കുട്ടികളോടൊപ്പം രക്ഷിതാക്കാൾക്കും വരേണ്ടിവരുമെന്നും നിരവധി വിദ്യാര്‍ത്ഥികളുടെ ഭാവിയാണെന്നുമാണ് പരാതി.

മെഡിക്കൽ ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനുമുള്ള പ്രവേശന പരീക്ഷ നടത്തുന്നത് ഏകീകൃത രീതിയിലാണെന്നാണ് എം.സി.ഐയുടെ നിലപാട്. കഴിഞ്ഞ നാല് വർഷവും നടപ്പാക്കിയ രീതിയിൽ തന്നെ ഇത്തവണയും വിജയകരമായി പരീക്ഷ നടത്താനാണ് ഉദ്ദേശിക്കുന്നത്. മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ അടങ്ങുന്ന പേപ്പർബുക്ക് പരീക്ഷാർഥികൾക്ക് വിതരണം ചെയ്താണ് പരീക്ഷ നടത്താറുള്ളത്. ഇത് എല്ലായിടത്തും ഒരു പോലെ ഒരേസമയം നടപ്പാക്കേണ്ടതുണ്ട്. അതിനാൽ പരീക്ഷയുടെ സാധുത ഉറപ്പാക്കാൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി വഴി ഇന്ത്യയൊട്ടാകെ ഒറ്റ ദിവസമായി പരീക്ഷ നടത്തണമെന്നാണ് എം.സി.ഐയുടെ നിലപാട്.

Tags:    

Similar News