ഹജ്ജിലേക്കിനി അഞ്ച് ദിവസം മാത്രം; ഹാജിമാർ ചരിത്ര പ്രധാന സ്ഥലങ്ങളിൽ സന്ദർശനത്തിൽ
ഹജ്ജിനായി ഇനി അഞ്ച് ദിവസങ്ങളാണ് ബാക്കിയുള്ളത്. ഞായറാഴ്ചയാണ് ഹജ്ജിനായി ഹാജിമാർ പുറപ്പെടുക, ഇതിനു മുന്നോടിയായി മക്കയിലെ പുണ്യ സ്ഥലങ്ങളിലും ചരിത്ര പ്രദേശങ്ങളിലും സന്ദർശനം പൂർത്തിയാക്കുകയാണ് ഹാജിമാർ.
മുഹമ്മദ് നബിക്ക് പ്രവാചകത്വം ലഭിച്ച ഹിറാ ഗുഹയാണ് സന്ദർശനത്തിൽ ഒന്നാമത്. മക്കയിൽ നിന്നും മദീനയിലേക്ക് പലായനം ചെയ്യവെ പ്രവാചകനും അനുചരനും ശത്രുക്കളിൽ നിന്നും മാറി നിന്ന സൗർ ഗുഹയും സന്ദർശകരുടെ പട്ടികയിലുള്ളതാണ്. കഅബയെ ആക്രമിക്കാൻ വന്ന അബ്രഹത്തിനെയും പടയാളികളെയും നശിപ്പിച്ച വാദി മുഅസ്സിർ, മക്കക്കാരുമായി പ്രവാചകൻ ഉടമ്പടി നടത്തിയ മസ്ജിദുൽ ബൈഅ, മക്കയിലെ പുരാവസ്തുക്കൾ സൂക്ഷിച്ച രണ്ടു മ്യൂസിയങ്ങൾ എന്നിവ സന്ദർശകർക്ക് ഏറെപ്രിയപെട്ടതാണ്. രാവിലെയും വൈകീട്ടുമാണ് സന്ദർശനങ്ങൾ നടത്തുക. ചൂട് കനത്തതിനാൽ ഉച്ച സമയങ്ങളിൽ താമസ സ്ഥലത്ത് തിരിച്ചെത്തും ഹാജിമാർ.
ഹജ്ജിലെ പുണ്യ കേന്ദ്രങ്ങളായ അറഫ, മിന , മുസ്ദലിഫ, ജംറാത് എന്നിവയും ഹജ്ജിനു മുൻപ് ഹാജിമാർ സന്ദർശിച്ചു മനസിലാക്കും. സ്വകാര്യ ഗ്രൂപ്പ് വഴി വന്നവർ അവരുടെ തന്നെ ബസ്സിൽ സന്ദർശനം പൂർത്തിയാക്കും. സർക്കാർ ക്വാട്ടയിൽ വന്നവർ സ്വന്തം നിലക്കോ ബന്ധുക്കളുടെ സഹായത്തോടെയോ ആണ് സന്ദർശനം പൂർത്തിയാക്കുക.
സ്വകാര്യ ഗ്രൂപ്പുകൾ വഴിയെത്തിയവർ ഇതിനകം മദീന സന്ദർശനത്തിലാണ്. സർക്കാർ ക്വാട്ട വഴിയെത്തിയവർ ഹജ്ജ് കഴീഞ്ഞ് മദീനാ സന്ദർശനത്തിന് പോകും. ഇവിടെ നിന്നാകും ഇവർ നാട്ടിലേക്ക് മടങ്ങുക.