ഗസ്സയിലേക്ക് സഹായം ശേഖരിക്കാൻ 26 കേന്ദ്രങ്ങൾ; നയതന്ത്ര ദൗത്യം ശക്തമാക്കി യു.എ.ഇ
വിവിധ ലോക നേതാക്കളുമായി യു.എ.ഇ പ്രസിഡൻറ് ചർച്ച നടത്തി
ദുബൈ: ഇഗസ്സയിലെ ആക്രമണം അവസാനിപ്പിക്കാൻ നയതന്ത്ര നീക്കം സജീവമാക്കി യു.എ.ഇ. വിവിധ ലോക നേതാക്കളുമായി യു.എ.ഇ പ്രസിഡൻറ് ചർച്ച നടത്തി. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ വൻശക്തി രാജ്യങ്ങൾ ഉണർന്നു പ്രവർത്തിക്കണമെന്നും യു.എ.ഇ നേതാക്കൾ ആവശ്യപ്പെട്ടു.
ഗസ്സയിൽ നിരപാധികൾക്കു നേരെയുള്ള ആക്രമണം അവസാനിപ്പിക്കുക, അടിയന്തരമായി മാനുഷിക സഹായം ഗസ്സയിൽ ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് യു.എ.ഇയുടെ നയതന്ത്ര ദൗത്യം. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ വിവിധ ലോക നേതാക്കളുമായി ടെലിഫോണിൽ സംസാരിച്ചു. സ്ഥിതിഗതികളുടെ ഗൗരവം ഉൾക്കൊണ്ട് അടിയന്തര നടപടിയാണ് വേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.
ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ, ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസി, യൂറോപ്യൻ കമീഷൻ പ്രസിഡന്റ് ഉർസുല വോൻ ദെർ ലയൻ, ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു എന്നിവരുമായി യു.എ.ഇ പ്രസിഡന്റ് ഫോണിൽ സംസാരിച്ചു. ബന്ദികളുടെ മോചനം ഉറപ്പാക്കുക, ആക്രമണം നിർത്തിവെക്കുക, ഗസ്സയിലെ ജനതയ്ക്ക് അവശ്യ വസ്തുക്കളും കുടിവെള്ളവും പുനഃസ്ഥാപിക്കുക എന്നിവയിൽ തീരുമാനം വൈകരുതെന്ന് യു.എ.ഇ പ്രസിഡൻറ് പറഞ്ഞു. മേഖലയുടെ കെട്ടുറപ്പിനെയും സുരക്ഷയെയും നിലവിലെ സംഘർഷം ബാധിക്കും എന്നിരിക്കെ, കരുതലോടെയുള്ള നടപടികളാണ് വേണ്ടതെന്നും യു.എ.ഇ പ്രസിഡന്റ് വ്യക്തമാക്കി.
അതിനിടെ, യുദ്ധം ദുരിതം വിതച്ച ഗസ്സയിലേക്ക് സഹായ വസ്തുക്കൾ ശേഖരിക്കാൻ യു.എ.ഇയുടെ വിവിധഭാഗങ്ങളിലായി 26 കേന്ദ്രങ്ങൾ തുറന്നു. എമിറേറ്റ്സ് റെഡ്ക്രസന്റാണ്സഹായവസ്തുക്കൾ ശേഖരിച്ച് ദുരിതമനുഭവിക്കുന്നവർക്ക് എത്തിക്കാൻ സംവിധാനം ഒരുക്കിയത്. അബൂദബി, ദുബൈ, റാസൽഖൈമ, ഷാർജ, ഫുജൈറ, അൽ ദഫ്റ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, അൽഐൻ തുടങ്ങി വിവിധ സ്ഥലങ്ങളിലായാണ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. രാവിലെ എട്ടുമുതൽ വൈകുന്നേരം ആറുവരെ ഇവിടെ സഹായ വസ്തുക്കൾ ശേഖരിക്കുമെന്ന്റെഡ്ക്രസന്റ് അധികൃതർ അറിയിച്ചു.