കുവൈത്തിൽ 9 ദിവസത്തെ ബലിപെരുന്നാൾ അവധിക്ക് സാധ്യത
അറഫാ ദിനം ജൂൺ 16 ഞായറാഴ്ച്ചയാണെങ്കിലാണ് 9 ദിവസത്തെ നീണ്ട അവധി ലഭിക്കുക.
കുവൈത്ത് സിറ്റി: കുവൈത്തിൽ ബലിപെരുന്നാളിന് 9 ദിവസം നീണ്ടു നിൽകുന്ന അവധിക്ക് സാധ്യത. ഈ വർഷത്തെ അറഫാ ദിനം ജൂൺ 16 ഞായറാഴ്ച്ചയാണെങ്കിലാണ് 9 ദിവസത്തെ നീണ്ട അവധി ലഭിക്കുക.
ജൂൺ 16 അറഫാ ദിനമായാൽ ജൂൺ 17, 18, 19 തീയതികളിലായിരിക്കും പെരുന്നാൾ അവധികളുണ്ടാവുക. രണ്ട് അവധി ദിവസങ്ങൾക്കിടയിലുള്ളതിനാൽ ജൂൺ 20 വ്യാഴം വിശ്രമ ദിവസമായി പ്രഖ്യാപിക്കുകയും ചെയ്യും. തുടർന്ന്, ജൂൺ 23-ന് ഞായറാഴ്്ച്ച ജോലി പുനരാരംഭിക്കുക്കും. ഇത്തരത്തിലാണ് 9 ദിവസത്തെ നീണ്ട പെരുന്നാൾ അവധി ലഭിക്കുക.
അതേസമയം, അറഫാ ദിനം ജൂൺ 15 ശനിയാണെങ്കിൽ 4 ദിവസത്തെ അവധിയാണ് ലഭിക്കുക. ജൂൺ 16,17,18 തീയതികളിലായിരിക്കും പെരുന്നാൾ അവധികൾ. ശേഷം ജൂൺ 19-ന് ബുധനാഴ്ച്ച ജോലികൾ പുനരാരംഭിക്കുകയും ചെയ്യും. അൽ-അൻബ പത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
സിവിൽ സർവീസ് കമ്മീഷൻ (സിഎസ്.സി) പെരുന്നാൾ അവധിയുടെ സർക്കുലർ മുൻകൂട്ടി പുറപ്പെടുവിക്കും. അവധി നാല് ദിവസമാണെങ്കിൽ, അത് നീട്ടാൻ ആഗ്രഹിക്കുന്ന ജീവനക്കാർക്ക് ജൂൺ 19, 20 തീയതികളിൽ ആനുകാലിക അവധിക്ക് അഭ്യർത്ഥന സമർപ്പിക്കാം. ഈ രണ്ട് ദിവസങ്ങളിൽ അവധി അഭ്യർത്ഥന മുൻകൂറായി സമർപ്പിക്കാതെ അവധിയെടുക്കുന്നത് മുഴുവൻ കാലയളവിലും ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നതായി കണക്കാക്കുമെന്നും ഔദ്യോഗിക ഉറവിടങ്ങളെ ഉദ്ദരിച്ച് അൽ-അൻബ പത്രം റിപ്പോർട്ട് ചെയ്തു.