കുവൈത്തിൽ പുതിയ മന്ത്രിസഭ നിലവിൽ വന്നു; അംഗീകാരം നൽകി കിരീടാവകാശി
കുവൈത്തിന്റെ 60 വർഷത്തെ രാഷ്ടീയ ചരിത്രത്തിനിടെ 42ാമത്തെ മന്ത്രിസഭയാണ് ഞായറാഴ്ച പ്രഖ്യാപിച്ചത്.
കുവൈത്ത് സിറ്റി: കുവൈത്തിൽ പുതിയ മന്ത്രിസഭ നിലവിൽ വന്നു. പ്രധാനമന്ത്രി ശൈഖ് അഹമ്മദ് നവാഫ് അൽ അസ്സബാഹിന്റെ നേതൃത്വത്തിൽ 15 അംഗ മന്ത്രിസഭയാണ് നിലവിൽ വന്നത്. പ്രധാനമന്ത്രി സമർപ്പിച്ച പട്ടികയ്ക്ക് ഡപ്യൂട്ടി അമീറും കിരീടാവകാശിയുമായ ശൈഖ് മിശ്അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് അംഗീകാരം നൽകി.
കുവൈത്തിന്റെ 60 വർഷത്തെ രാഷ്ടീയ ചരിത്രത്തിനിടെ 42ാമത്തെ മന്ത്രിസഭയാണ് ഞായറാഴ്ച പ്രഖ്യാപിച്ചത്. ശൈഖ് തലാൽ ഖാലിദ് അൽ-അഹമ്മദ് അൽ-സബാഹ് ഒന്നാം ഉപപ്രധാനമന്ത്രി പദവിയോടെ ആഭ്യന്തര മന്ത്രിയും ആക്ടിങ് പ്രതിരോധ മന്ത്രിയുമാകും. ഡോ. ഖാലിദ് അലി മുഹമ്മദ് അൽ-ഫദേലിനും, ഡോ. ബദർ ഹമദ് അൽ മുല്ലക്കും ഉപപ്രധാനമന്ത്രി സ്ഥാനമുണ്ട്.
ഫഹദ് അലി സായിദ് അൽ-ഷാല, അബ്ദുൽ റഹ്മാൻ ബേദാ അൽ മുതൈരി, ഡോ. അഹ്മദ് അബ്ദുൽ വഹാബ് അൽ-അവഥി, അമാനി സുലൈമാൻ ബുക്കമ്മാസ്, ഡോ. ഹമദ് അബ്ദുൽ വഹാബ് അൽ-അദ്വാനി, സാലം അബ്ദുല്ല അൽ-ജാബർ അൽ-സബാഹ്, മായ് ജാസെം അൽ-ബാഗ്ലി, ഡോ. ആമർ മുഹമ്മദ് അലി മുഹമ്മദ്, മുഹമ്മദ് ഒത്മാൻ മുഹമ്മദ് അൽ-അയിബാൻ, മനാഫ് അബ്ദുൽ അസീസ് അൽ-ഹജ്രെ എന്നിവരാണ് മറ്റ് മന്ത്രിമാര്‍.
എം.പിമാരുമായുള്ള അഭിപ്രായ ഭിന്നതകളും മന്ത്രിമാർക്കെതിരെ ദേശീയ അസംബ്ലിയിൽ കുറ്റവിചാരണ പ്രമേയം കൊണ്ടുവരാനുമുള്ള നീക്കത്തിനുമിടെ ഈ വർഷം ഫെബ്രുവരി 23നാണ് സർക്കാർ രാജി സമർപ്പിച്ചത്. പാർലമെന്റിന്റെ കാലാവധി നാലു വർഷമാണെങ്കിലും അതിനിടയിൽ ഒട്ടേറെ മന്ത്രിസഭകൾ അധികാരത്തിൽ വരുന്നതാണ് കുവൈത്തിലെ ചരിത്രം. 1962 ജനുവരി 17നാണ് കുവൈത്തിൽ ആദ്യ മന്ത്രിസഭ അധികാരത്തിൽ വന്നത്. ഷെയ്ഖ് അബ്ദുല്ല അൽ സാലെം അൽ സബാഹ് ആയിരുന്നു പ്രഥമ പ്രധാനമന്ത്രി.