കുവൈത്തിൽ ചൊവ്വാഴ്ച ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും
ഉച്ചയ്ക്ക് 1:20ന് ആരംഭിക്കുന്ന ഗ്രഹണം 3:44ന് അവസാനിക്കും. രണ്ടുമണിക്കാണ് ഏറ്റവും മികവുറ്റ രീതിയിൽ ഗ്രഹണം കാണാൻ സാധിക്കുക.
കുവൈത്ത് സിറ്റി: കുവൈത്തിൽ ചൊവ്വാഴ്ച ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുമെന്ന് പ്രമുഖ ജ്യോതിശാസ്ത്രജ്ഞൻ ആദൽ അൽ സാദൂൻ പറഞ്ഞു. ഉച്ചയ്ക്ക് 1:20ന് ആരംഭിക്കുന്ന ഗ്രഹണം 3:44ന് അവസാനിക്കും. രണ്ടുമണിക്കാണ് ഏറ്റവും മികവുറ്റ രീതിയിൽ ഗ്രഹണം കാണാൻ സാധിക്കുക. സുരക്ഷിതമായി ഗ്രഹണം വീക്ഷിക്കുവാൻ സൺ ഫിൽറ്ററുകൾ ഉപയോഗിക്കണമെന്ന് അൽ സദൂൺ വ്യക്തമാക്കി. ഗ്രഹണ സമയത്ത് സൂര്യനെ നഗ്‌ന നേത്രങ്ങൾ കൊണ്ട് നോക്കിയാൽ കണ്ണിന്റെ റെറ്റിനക്ക് നാശം സംഭവിക്കാമെന്നും അൾട്രാവയലറ്റ് രശ്മികൾ മൂലം പൂർണമായോ ഭാഗികമായോ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും സാദൂൻ മുന്നറിയിപ്പ് നൽകി. സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ വരുമ്പോൾ ചന്ദ്രന്റെ നിഴൽ ഭൂമിയിൽ പതിക്കുന്നതാണ് സൂര്യ ഗ്രഹണം. യൂറോപ്പ്, വടക്കേ ആഫ്രിക്ക, അറബ് രാജ്യങ്ങളൾ എന്നിവിടങ്ങളിലാണ് ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുക.