കുവൈത്തിൽനിന്ന് പതിനായിരത്തോളം പ്രവാസികളെ നാടുകടത്തി
പരിശോധന തുടരുമെന്ന് അധികൃതർ
കുവൈത്തിൽ വിവിധ നിയമലംഘനങ്ങളുടെ പേരിൽ അറസ്റ്റിലായ പതിനായിരത്തോളം പ്രവാസികളെ നാടുകടത്തി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ പിടികൂടിയവരെയാണ് നാടുകടത്തിയതെന്ന് പ്രാദേശിക മാധ്യമം റിപ്പോർട്ടു ചെയ്തു.
രാജ്യത്തെ അവിദഗ്ധ തൊഴിലാളികളെയും വിസ വ്യാപാരികളെയും അനധികൃത താമസക്കാരെയും നേരിടാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക കമ്മിറ്റിയുടെ നീക്കങ്ങളുടെ ഭാഗമായാണ് പ്രവാസികളെ നാട് കടത്തിയത്.
നിയമം ലംഘിക്കുന്ന മസാജ് സെന്റർ നടത്തിപ്പുകാർ, മത്സ്യത്തൊഴിലാളികൾ, സ്‌ക്രാപ്പ് തൊഴിലാളികൾ എന്നിവരെ ലക്ഷ്യമിട്ടായിരുന്നു വ്യാപക പരിശോധന. തൊഴിൽ വിപണിയിൽ നിയമലംഘനം നടത്തുന്നവരെ പിന്തുടരുന്നത് തുടരുമെന്ന് പരിശോധനാ സംഘം അറിയിച്ചു. നിർമ്മാണം, കൃഷി തുടങ്ങിയ മേഖലകളിൽ കൂടുതൽ ശ്രദ്ധ നൽകും. വ്യാജ ഏജൻസികൾ ചില രാജ്യക്കാർക്ക് 2,000 ദിനാറിന് വിസകൾ വിൽക്കുന്നതായും ഇത്തരം വ്യാജ കമ്പനികളിൽ ചിലതിനെ പിടികൂടിയതായും സമിതി അറിയിച്ചു.
അതേസമയം, രാജ്യത്ത് പ്രവേശിക്കുന്ന പുതിയ തൊഴിലാളികളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതിന് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ പുതിയ സംവിധാനം അവതരിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.