കുവൈത്തും ഇന്ത്യയും തമ്മിലുള്ള പങ്കാളിത്തം സജീവമാക്കാൻ നടപടി

ഇന്ത്യൻ -കുവൈത്ത് പ്രതിനിധി സംഘം അവലോകന യോഗം നടത്തി

Update: 2024-07-25 07:47 GMT
Advertising

കുവൈത്ത് സിറ്റി: കുവൈത്തും ഇന്ത്യയും തമ്മിലുള്ള പങ്കാളിത്തം സജീവമാക്കാൻ നടപടി. ഇന്ത്യയുടെയും കുവൈത്തിന്റെയും പ്രതിനിധി സംഘങ്ങൾ അവലോകന യോഗം നടത്തി. ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിലെ ഗൾഫ് കാര്യങ്ങളുടെ അസിസ്റ്റന്റ് സെക്രട്ടറി അസിം മഹാജന്റെ നേതൃത്വത്തിലാണ് ഇന്ത്യൻ സംഘമെത്തിയത്. സംഘത്തെ കുവൈത്ത് വിദേശകാര്യ ഉപമന്ത്രി ഷെയ്ഖ് ജറാഹ് അൽ ജാബർ സ്വീകരിച്ചു.

മഹാജന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിനിധി സംഘവും ഏഷ്യൻ അഫയേഴ്സ് അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി സമിഹ് ഇസ ജൗഹർ ഹയാത്തിന്റെ നേതൃത്വത്തിലുള്ള കുവൈത്ത് പ്രതിനിധി സംഘവും ഉഭയകക്ഷി ബന്ധത്തിന്റെ സമഗ്ര അവലോകനം നടത്തി. കുവൈത്തും ഇന്ത്യയും തമ്മിലുള്ള ആറാം റൗണ്ട് രാഷ്ട്രീയ കൂടിയാലോചനയാണിത്.

ഇന്ത്യ-കുവൈത്ത് പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനാണ് ഈ കൂടിയാലോചനയിലൂടെ ലക്ഷ്യമിടുന്നത്. തങ്ങളുടെ ശക്തമായ ഉഭയകക്ഷി ബന്ധത്തിൽ ഇരു രാജ്യങ്ങളും സംതൃപ്തി പ്രകടിപ്പിച്ചു. പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ വീക്ഷണങ്ങൾ കൈമാറി. രാഷ്ട്രീയ ബന്ധങ്ങൾ, പതിവ് ഉന്നതതല വിനിമയങ്ങൾ, വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, ആരോഗ്യം, സംസ്‌കാരം, ജനങ്ങൾ തമ്മിലുള്ള സമ്പർക്കം തുടങ്ങി വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ ഇരുപക്ഷവും തീരുമാനിച്ചു.

നേരത്തെ ഇന്ത്യൻ പ്രതിനിധി സംഘം വാണിജ്യ വ്യവസായ മന്ത്രാലയം അണ്ടർ സെക്രട്ടറി സിയാദ് അൽ നജീമുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വ്യാപാരത്തിന്റെ വൈവിധ്യവത്ക്കരണം, ഊർജ, സാമ്പത്തിക സാങ്കേതിക വിദ്യകളിൽ ആഴത്തിലുള്ള സഹകരണം എന്നിവയടക്കം ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും വർധിപ്പിക്കുന്നതിനെക്കുറിച്ച് അവർ ചർച്ച ചെയ്തു.

പ്രതിനിധി സംഘം നിയമകാര്യ സഹ വിദേശകാര്യ മന്ത്രി തഹാനി റാഷിദ് അൽ നാസറുമായും കൂടിക്കാഴ്ച നടത്തി. വിവിധ കരാറുകളെയും ധാരണാപത്രങ്ങളെയും കുറിച്ച് അവർ ചർച്ച ചെയ്തു. ഉഭയകക്ഷി ബന്ധങ്ങൾക്ക് ആക്കം കൂട്ടുന്നതിനായി 2023 മെയ് മാസത്തിലെ മുൻ കൂടിയാലോചനകളുടെ തുടർച്ചയായി വിദേശകാര്യ മന്ത്രാലയ തലത്തിലുള്ള കൂടിയാലോചനകളുടെ പ്രാധാന്യം ഇരു കക്ഷികളും ഊന്നിപ്പറഞ്ഞു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News