അഫ്ഗാന്‍: രക്തച്ചൊരിച്ചിൽ തടയാന്‍ സംയമനം പാലിക്കണമെന്ന് കുവൈത്ത്
കുടുങ്ങിക്കിടക്കുന്ന നയതന്ത്ര ഉദ്യോഗസ്ഥരുടെയും വിദേശ പൗരന്മാരുടെയും സുരക്ഷിതമായ തിരിച്ചുപോക്കിന് വഴിയൊരുക്കണമെന്ന് കുവൈത്ത് ആവശ്യപ്പെട്ടു
അഫ്‌ഗാനിസ്താനിലെ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം. താലിബാനുമായുള്ള നയതന്ത്ര ബന്ധത്തെ കുറിച്ചോ സംഘത്തിന് പിന്തുണ നൽകുന്നത് സംബന്ധിച്ചോ ഒന്നും പറയാതെ കരുതലോടെയാണ് കുവൈത്തിന്റെ പ്രതികരണം.
രക്തച്ചൊരിച്ചിൽ തടയുന്നതിനും സാധാരണക്കാർക്ക് പൂർണ സംരക്ഷണം നൽകുന്നതിനും പരമാവധി സംയമനം പാലിക്കണമെന്ന് എല്ലാ വിഭാഗങ്ങളോടും കുവൈത്ത് ആവശ്യപ്പെട്ടു. കുടുങ്ങിക്കിടക്കുന്ന നയതന്ത്ര ഉദ്യോഗസ്ഥരുടെയും വിദേശ പൗരന്മാരുടെയും സുരക്ഷിതമായ തിരിച്ചുപോക്കിന് വഴിയൊരുക്കണം. അഫ്ഗാനിസ്താന്‍റെ സുരക്ഷയും സുസ്ഥിരതയും നിലനിർത്തി ജനങ്ങളുടെ അവകാശങ്ങളും നല്ല ജീവിതവും സംരക്ഷിക്കാൻ എല്ലാവരും കൂട്ടായി പ്രവർത്തിക്കണമെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഉണർത്തി.
അതിനിടെ, കുവൈത്തിലെ മുൻ പാർലമെന്‍റ് അംഗങ്ങളായ വലീദ് അൽ തബ്തബാഇ, നാസർ അൽ ദുവൈല എന്നിവർ താലിബാനെ അനുകൂലിച്ച് രംഗത്തെത്തി. കുവൈത്ത് പാർലമെന്‍റ് കൈയേറ്റ കേസിൽ കോടതി ശിക്ഷിച്ചതോടെ തുർക്കിയിൽ അഭയം തേടിയ ഡോ. വലീദ് അൽ തബ്തബാഇ ട്വിറ്ററിലൂടെയാണ് താലിബാനെ അനുകൂലിച്ചു പ്രസ്താവനയിറക്കിയത്.