എയർ ഇന്ത്യ എക്‌സ്‌പ്രസ് സർവീസുകൾ വെട്ടിച്ചുരുക്കി; യാത്രാദുരിതം തുടരുന്നു
ആഴ്ചയിൽ മൂന്ന് ദിവസമുണ്ടായിരുന്ന എയർ ഇന്ത്യ എക്‌സ്‌പ്രസ് സർവീസുകളാണ് ഒന്നാക്കി ചുരുക്കിയത്
കുവൈത്ത് സിറ്റി: കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ് സർവീസുകൾ വെട്ടിച്ചുരുക്കിയതോടെ പ്രതിഷേധം ശക്തമാകുന്നു. ആഴ്ചയിൽ മൂന്ന് ദിവസമുണ്ടായിരുന്ന എയർ ഇന്ത്യ എക്‌സ്‌പ്രസ് സർവീസുകളാണ് ഒന്നാക്കി ചുരുക്കിയത്. ഇതോടെ കണ്ണൂര്‍ -കുവൈത്ത് സെക്ടറിൽ എക്സ്പ്രസ് സർവീസുകൾ വെള്ളിയാഴ്ച മാത്രമായി. പുതിയ ഷെഡ്യൂൾ അടുത്ത വെള്ളിയാഴ്ച മുതൽ നിലവിൽ വരുമെന്ന് അധികൃതര്‍ അറിയിച്ചു.
പുതിയ തീരുമാനം മലബാറിലേക്കുള്ള യാത്രക്കാരെയാണ് ഏറെ ബാധിക്കുക. സർവീസുകളുടെ എണ്ണം കുറയുന്നത് ടിക്കറ്റ് നിരക്ക് ഉയരാനും കാരണമാകും. അതിനിടെ കോഴിക്കോട്ടേക്ക് ബുധൻ, വെള്ളി ഒഴികെ ആഴ്ചയിൽ നിലവിലുള്ള അഞ്ച് സര്‍വീസുകള്‍ തുടരുമെന്ന് എയർ ഇന്ത്യ അറിയിച്ചു.
അടുത്ത മാസം വരെ യാത്ര ചെയ്യുന്നവർക്ക് ബാഗേജ് 30 കിലോയിൽ നിന്ന് 40 കിലോയായും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അതിനിടെ പുതിയ ഷെഡ്യൂലിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രവാസി സംഘനകള്‍ രംഗത്ത് വന്നു. വിമാന ഷെഡ്യൂൾ വെട്ടിക്കുറക്കുന്നതും വൈകുന്നതും മൂലം യാത്രക്കാർക്ക് പ്രയാസം തുടരുകയാണെന്നും പുതിയ ഷെഡ്യൂളിനെതിരെ ബന്ധപ്പെട്ടവർക്ക് പരാതി നൽകുമെന്നും വിവിധ പ്രവാസി സംഘടനകൾ അറിയിച്ചു.