കുവൈത്തിൽ ആൾതാമസമില്ലാത്ത ഫ്‌ളാറ്റുകളുടെ എണ്ണത്തിൽ വർധന
കോവിഡ് പ്രതിസന്ധിയെ തുടർന്ന് നിരവധി വിദേശികൾ കുടുംബത്തെ നാട്ടിലയച്ച് ബാച്ചിലർ മുറികളിലേക്ക് മാറിയിട്ടുണ്ട്
കുവൈത്തിൽ ആൾതാമസമില്ലാത്ത ഫ്‌ളാറ്റുകളുടെ എണ്ണത്തിൽ വർധനവെന്ന് റിപ്പോർട്ട്. റിയൽ എസ്റ്റേറ്റ് യൂനിയൻ നടത്തിയ പഠനത്തിലാണ് ഇക്കാര്യമുള്ളത്. ആൾതാമസമില്ലാത്ത അപ്പാർട്ട്മെന്‍റുകളുടെ എണ്ണം നാല് വർഷത്തിനിടെ 24.5 ശതമാനം വർധിച്ചതായാണ് കണക്ക്.
കുവൈത്തിലാകെ 242499 ഡബിൾ ബിഎച്ച്കെ ഫ്ലാറ്റുകളും 90760 സിംഗിൾ ബിഎച്ച്കെ ഫ്ലാറ്റുകളുമാണുള്ളത്. കൂടാതെ മൂന്ന് കിടപ്പുമുറികളുള്ള 46,420 ഫ്ലാറ്റുകളും നാല് കിടപ്പു മുറികളുള്ള 1500 ഫ്ലാറ്റുകളും 15,300 സ്റ്റുഡിയോ അപ്പാർട്ടുമെൻറുകളുമുണ്ട്. രണ്ട്, മൂന്ന് മുറി അപ്പാർട്ട്മെന്‍റുകളിൽ 84.5 എണ്ണത്തിലും താമസക്കാരുണ്ട്. ഒറ്റമുറി ഫ്ലാറ്റുകളിൽ 84.7 ശതമാനത്തിലും സ്റ്റുഡിയോ അപ്പാർട്ടുമെന്‍റുകളിൽ 87 ശതമാനത്തിലും താമസക്കാരുണ്ട്. 2021 ഏപ്രിലിലെ കണക്കു പ്രകാരം 61,008 അപ്പാർട്ടുമെന്‍റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. 2017ൽ ഇത് 48,973 ആയിരുന്നു.
വിദേശികളുടെ കൊഴിഞ്ഞുപോക്കും കൂടിയ വാടകയുള്ള അപ്പാർട്ടുമെന്‍റുകൾ ഒഴിവാക്കിയതുമാണ് ഒഴിവ് വർധിക്കാൻ കാരണം. കോവിഡ് പ്രതിസന്ധിയെ തുടർന്ന് നിരവധി വിദേശികൾ കുടുംബത്തെ നാട്ടിലയച്ച് ബാച്ചിലർ മുറികളിലേക്ക് മാറിയിട്ടുണ്ട്. കോവിഡ് മഹാമാരി അപ്പാർട്ടുമെന്‍റുകളുടെ വാടകയിൽ 10 മുതൽ 15 ശതമാനം വരെ കുറവുണ്ടാക്കിയതായും റിപ്പോർട്ടിൽ പറയുന്നു. ഫഹാഹീൽ, ജലീബ് അൽ ശുയൂഖ്, മംഗഫ്, അബൂഹലീഫ, സാൽമിയ, ഖൈത്താൻ എന്നിവിടങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന ഫ്ലാറ്റുകൾ നിരവധിയാണ്. വാടകക്ക് ആളെ ആവശ്യമുണ്ടെന്ന ബോർഡുകൾ മിക്ക കെട്ടിടങ്ങളുടെയും മുന്നിലുണ്ട്. പ്രതിസന്ധിക്കിടയിലും പുതിയ ഫ്ലാറ്റ് സമുച്ചയങ്ങളുടെ നിർമാണം പുരോഗമിക്കുന്നു.