'ബിഗ് സല്യൂട്ട് റ്റു ദി ഹീറോസ്'; കോവിഡ് കാലത്തെ സന്നദ്ധ പ്രവര്‍ത്തകരെ ആദരിച്ചു

Update: 2022-03-20 08:22 GMT
Advertising

കുവൈത്തില്‍ കോവിഡിന്റെ അതി തീവ്ര ഘട്ടങ്ങളില്‍ പ്രവാസികള്‍ക്ക് താങ്ങായി നിന്ന സന്നദ്ധ പ്രവര്‍ത്തകരെ ആദരിച്ചു. ബിഗ് സല്യൂട്ട് റ്റു ദി ഹീറോസ് എന്ന തലക്കെട്ടില്‍ വെല്‍ഫെയര്‍ കേരള കുവൈത്താണ് കോവിഡ് കാല സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ആദരം നല്‍കിയത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയ ബിസിനസ് സ്ഥാപനങ്ങളും സംഘടനകളും ചടങ്ങില്‍ ആദരം ഏറ്റുവാങ്ങി.

കോവിഡ് മുന്‍നിരപ്പോരാളികളുടെ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്ക് കൂടി പ്രചോദനമാകട്ടെ എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത വെല്‍ഫെയര്‍ കേരള കുവൈത്ത് പ്രസിഡന്റ് അന്‍വര്‍ സയീദ് പറഞ്ഞു. ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വെഫെയയര്‍ കേരള കുവൈത്ത് വൈസ് പ്രസിഡണ്ടും ഡേവിഡ് ദുരിതാശ്വാസ കമ്മിറ്റിയുടെ തലവനുമായ ഖലീല്‍ റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. കോവിഡ് കാലത്ത് ഭക്ഷ്യ കിറ്റ് വിതരണം, ആതുര സേവനം, മരുന്ന് വിതരണം, കൗണ്‍സ്ലിങ് തുടങ്ങി വിവിധ വിഭാഗങ്ങളിലായി സേവനമനുഷ്ടിച്ച നൂറിലധികം സന്നദ്ധ പ്രവര്‍ത്തകരാണ് ചടങ്ങില്‍ ആദരം ഏറ്റുവാങ്ങിയത്. 



 

കുവൈത്തില്‍ നിന്നും ഇന്ത്യയിലേക്ക് സൗജന്യ ചാര്‍ട്ടര്‍വിമാനം ഒരുക്കിയ കമ്മിറ്റി അംഗങ്ങളെയും കര്‍ഫ്യൂ കാലയളവില്‍ പ്രത്യേക പാസ് കരസ്ഥമാക്കി പ്രവാസികള്‍ക്കായി സേവനം നിര്‍വഹിച്ചവരെയും ചടങ്ങില്‍ ആദരിച്ചു. കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നിറഞ്ഞ പിന്തുണയുമായി നിന്ന ബിസിനസ് സ്ഥാപനങ്ങളും സംഘടനകളും വ്യക്തികളും ആദരം ഏറ്റുവാങ്ങി. ജസീല്‍ ചെങ്ങളാന്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററിയും ചടങ്ങില്‍ അവതരിപ്പിച്ചു. അതിജീവനത്തിന്റെ ഇശലുകള്‍ എന്ന തലക്കെട്ടില്‍ റാഫി കല്ലായിയും സംഘവും അവതരിപ്പിച്ച ഗസല്‍ മേളയും അരങ്ങേറി . റഫീഖ് ബാബു സ്വാഗതവും ഷൗക്കത്ത് വളാഞ്ചേരി നന്ദിയും പറഞ്ഞു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News