മതനിന്ദയും വിദ്വേഷ പരാമര്‍ശങ്ങളും ഇന്ത്യയുടെ നയമല്ലെന്ന് കുവൈത്തിലെ ഇന്ത്യന്‍ എംബസി

Update: 2022-06-06 04:58 GMT
Advertising

വിദ്വേഷ പരാമര്‍ശങ്ങളും മതനിന്ദയും ഇന്ത്യയുടെ നയമല്ലെന്ന് അംബാസഡര്‍ സിബിജോര്‍ജ് കുവൈത്ത് വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചതായി കുവൈത്തിലെ ഇന്ത്യന്‍ എംബസി. ഇന്ത്യയിലെ ബി.ജെ.പി വക്താവിന്റെ പ്രവാചക നിന്ദ പരാമര്‍ശത്തില്‍ കുവൈത്ത് അതൃപ്തി അറിയിച്ച പശ്ചാത്തലത്തിലാണ് അംബാസഡര്‍ ഇക്കാര്യം വിശദീകരിച്ചത്.

ചില വ്യക്തികള്‍ നടത്തിയ ആക്ഷേപകരമായ ട്വീറ്റുകള്‍ ഒരു നിലക്കും ഇന്ത്യന്‍ സര്‍ക്കാരിന്റെ വീക്ഷണങ്ങളെ പ്രതിഫലിപ്പിക്കുന്നില്ലെന്നും അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അംബാസഡര്‍ വ്യക്തമാക്കി.

നാഗരിക പൈതൃകത്തിനും നാനാത്വത്തില്‍ ഏകത്വം എന്ന തത്വത്തിനും അനുസൃതമായി ഇന്ത്യാ ഗവണ്‍മെന്റ് എല്ലാ മതങ്ങള്‍ക്കും ഉയര്‍ന്ന ബഹുമാനം നല്‍കുന്നുണ്ട്.ഏതെങ്കിലും മത വ്യക്തിത്വത്തെ അപമാനിക്കുകയോ ഏതെങ്കിലും മതത്തെയോ വിഭാഗത്തെയോ അവഹേളിക്കുകയോ ചെയ്യുന്ന പരാമര്‍ശങ്ങള്‍ക്കെതിരെ ബന്ധപ്പെട്ട അധികൃതര്‍ പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്.

ഇത്തരം അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഉപയോഗിച്ച് ഇന്ത്യ-കുവൈത്ത് ബന്ധങ്ങള്‍ക്ക് വിള്ളലേല്‍പ്പിക്കാന്‍ നിക്ഷിപ്ത താല്‍പര്യക്കാര്‍ ശ്രമിക്കുന്നുണ്ട്. നമ്മുടെ ഉഭയകക്ഷി ബന്ധത്തിന്റെ ശക്തി കുറയ്ക്കാന്‍ ലക്ഷ്യമിടുന്ന ഇത്തരം ശ്രമങ്ങള്‍ക്കെതിരെ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് അംബാസഡര്‍ പറഞ്ഞതായും എംബസി വക്താവ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News