ഒമിക്രോൺ രൂക്ഷമായ രാജ്യങ്ങളിൽ നിന്ന് പൗരൻമാർ തിരിച്ചുവരണം: കുവൈത്ത്

ഈ രാജ്യങ്ങളിലേക്ക് യാത്രക്കൊരുങ്ങുന്ന കുവൈത്തികളോട് യാത്ര മാറ്റിവെക്കാനും നിർദേശിച്ചിട്ടുണ്ട്

Update: 2022-01-03 16:18 GMT
Editor : abs | By : Web Desk
Advertising

ഒമിക്രോൺ വ്യാപനം രൂക്ഷമായ യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് തിരിച്ചു വരാൻ കുവൈത്ത് പൗരന്മാർക്ക് നിർദേശം. കുവൈത്ത് വിദേശ കാര്യ മന്ത്രാലയമാണ് ഫ്രാൻസ്, ജർമനി, സ്‌പെയിൻ, ഇറ്റലി എന്നീ യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് കുവൈത്തികളോട് തിരിച്ചുവരാൻ ആഹ്വാനം ചെയ്തത്. അതത് രാജ്യങ്ങളിലെ എംബസികൾ വഴിയാണ് നിർദേശം നൽകിയത്.

യൂറോപ്യൻ രാജ്യങ്ങളിൽ ഒമിക്രോൺ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് നിർദേശം. ഈ രാജ്യങ്ങളിലേക്ക് യാത്രക്കൊരുങ്ങുന്ന കുവൈത്തികളോട് യാത്ര മാറ്റിവെക്കാനും നിർദേശിച്ചിട്ടുണ്ട്. ഒമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഈ രാജ്യങ്ങൾ ലോക്ഡൗണിലേക്ക് പോകാൻ സാധ്യതയുണ്ടെന്നും യാത്രകൾ വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദേശം അനുസരിച്ചു ക്രമീകരിക്കണമെന്നും എംബസികൾ അറിയിച്ചു.

കഴിഞ്ഞ ദിവസം ബ്രിട്ടനിലുള്ള കുവൈത്തികളോടും സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. 2020ൽ കോവിഡ് വ്യാപനമുണ്ടായപ്പോൾ വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ പൗരന്മാരെ കുവൈത്ത് പ്രത്യേക ദൗത്യത്തിലൂടെ തിരിച്ചെത്തിച്ചിരുന്നു. പ്രത്യേക വിമാനം അയക്കുകയും സർക്കാർ ചെലവിൽ ആഢംബര ഹോട്ടലുകളിൽ ക്വാറൻറീൻ ഏർപ്പെടുത്തുകയും ചെയ്താണ് അന്ന് പൗരന്മാറോഡുള്ള രാജ്യത്തിന്റെ കരുതൽ തെളിയിച്ചത്. ആഫ്രിക്കൻ രാജ്യത്ത് കുടുങ്ങിയ ഒരാൾക്ക് വേണ്ടി മാത്രം പ്രത്യേക വിമാനം അയച്ചത് വാർത്തയായിരുന്നു. 

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News