കുവൈത്തിൽ ഇന്റർനെറ്റ് സേവന തടസ്സം പരിഹരിക്കുന്നതായി സിട്രാ അറിയിച്ചു

ഫാൽക്കൺ അന്തർവാഹിനി ഫൈബർ കേബിൾ മുറിഞ്ഞതിനെ തുടർന്നാണ് ഇന്റർനെറ്റ് സേവനം തടസ്സപ്പെട്ടത്

Update: 2024-09-26 12:54 GMT
Advertising

കുവൈത്ത് സിറ്റി: കുവൈത്തിൽ തടസ്സപ്പെട്ട ഇന്റർനെറ്റ് സേവനം പരിഹരിക്കാനുള്ള ശ്രമം തുടരുന്നതായി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി അതോറിറ്റി (സിട്രാ). കുവൈത്തിനും ദമാമിനും ഇടയിലുള്ള ഫാൽക്കൺ അന്തർവാഹിനി ഫൈബർ കേബിൾ മുറിഞ്ഞതിനെ തുടർന്നാണ് ഇന്റർനെറ്റ് സേവനത്തിന്റെ വേഗത കുറയാൻ കാരണമായത്.

നിലവിൽ 30 ശതമാനത്തിലേറെ ഇന്റർനെറ്റ് സേവനങ്ങൾ അന്താരാഷ്ട്ര കേബിളുകളിൽ പുനഃസ്ഥാപിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ മുഴുവൻ സേവനവും പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ പറഞ്ഞു. കുവൈത്തിനെ സൗദി അറേബ്യയിലെ അൽ-ഖോബാറുമായി ബന്ധിപ്പിക്കുന്ന ഭാഗത്താണ് ഫൈബർ കേബിൾ തകരാർ റിപ്പോർട്ട് ചെയ്തത്.

ജി.സി.എക്‌സിന്റെ ഉടമസ്ഥതയിലാണ് ഫാൽക്കൺ അന്തർവാഹിനി ഫൈബർ കേബിൾ. ജി.സി.എക്‌സുമായി സഹകരിച്ച് ആവശ്യമായ സാങ്കേതിക അറ്റകുറ്റപ്പണികൾ ചെയ്ത് വരുന്നതായി സിട്രാ അറിയിച്ചു. ഇന്റർനെറ്റ് സേവന തുടർച്ച ഉറപ്പാക്കുന്നതിനായി ബദൽ അന്താരാഷ്ട്ര കേബിളുകളിലൂടെ ഡാറ്റാ ട്രാഫിക്ക് വഴിതിരിച്ചുവിടാൻ ഇന്റർനെറ്റ് സേവന ദാതാക്കളുമായി പ്രവർത്തിക്കുന്നതായും സിട്രാ വ്യക്തമാക്കി.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News