കുവൈത്തിൽ ഈ വർഷം വ്യാജ കോളുകൾ കുറഞ്ഞു: സിട്രാ
കോൾ സ്വീകർത്താവിന് വിളിക്കുന്നയാളുടെ പേരും നമ്പറും പ്രദർശിപ്പിക്കുന്ന 'കാഷിഫ്' സേവനം കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു
കുവൈത്ത് സിറ്റി: ഈ വർഷം വ്യാജ കോളുകളുടെ നിരക്കിൽ കുറവുണ്ടായതായി വെളിപ്പെടുത്തി കുവൈത്ത് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (സിട്രാ- CITRA). രാജ്യത്തെ ടെലികമ്മ്യൂണിക്കേഷൻ കമ്പനികളുടെ സഹകരണത്തോടെ വ്യാജ കോളുകൾ ചെറുക്കാനുള്ള ശ്രമം ഊർജിതമാക്കിയതായി അതോറിറ്റി എക്സ് അക്കൗണ്ടിലെ പോസ്റ്റിൽ വ്യക്തമാക്കി. വ്യാജ കോളുകളുടെ എണ്ണം ഗണ്യമായി കുറയ്ക്കുന്നതിൽ ഈ ശ്രമങ്ങൾ വിജയിച്ചുവെന്നും പറഞ്ഞു.
കോൾ സ്വീകർത്താവിന് വിളിക്കുന്നയാളുടെ പേരും നമ്പറും പ്രദർശിപ്പിക്കുന്ന 'കാഷിഫ്' സേവനം കഴിഞ്ഞ മാസം CITRA ആരംഭിച്ചിരുന്നു. ഈ സേവനം അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള കോളുകൾ കുറയ്ക്കാൻ ലക്ഷ്യമിടുന്നതായിരുന്നു. ഇത്തരം വെല്ലുവിളികളെ പ്രതിരോധിക്കാനും എല്ലാവർക്കും സുരക്ഷിത ആശയവിനിമയ അന്തരീക്ഷം ഉറപ്പാക്കുന്നതിനുമായി കൂടുതൽ ഫലപ്രദമായ തന്ത്രങ്ങളും പരിഹാരങ്ങളും വികസിപ്പിക്കുമെന്നും പ്രവർത്തിക്കുമെന്ന് സിട്രാ സ്ഥിരീകരിച്ചു.