'തീവ്രവാദപ്രവർത്തനങ്ങൾ ചെറുക്കുക'; രാജ്യാന്തര ചർച്ച സംഘടിപ്പിക്കാനൊരുങ്ങി കുവൈത്ത്
ഭീകരപ്രവർത്തനങ്ങൾക്കായുള്ള ഫണ്ടിങ് തടയുന്ന മാർഗങ്ങൾ, ഡിജിറ്റൽ നാണയങ്ങളുമായും അനുബന്ധ അപകടങ്ങളുമായും ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവയിൽ ചർച്ച നടക്കും.
തീവ്രവാദപ്രവർത്തനങ്ങൾ ചെറുക്കുന്നതിന്റെ ഭാഗമായി രാജ്യാന്തര ചർച്ച സംഘടിപ്പിക്കാനൊരുങ്ങി കുവൈത്ത് . അടുത്ത ആഴ്ച നടക്കുന്ന ദ്വിദിന ചർച്ചയിൽ ടെററിസ്റ്റ് ഫിനാൻസിംഗ് ടാർഗെറ്റിങ് സെന്‍റര്‍ അംഗരാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കും.
സെപ്റ്റംബർ 19 , 20 തിയ്യതികളിൽ ആയാണ് ചർച്ച. ഭീകരപ്രവർത്തനങ്ങൾക്കായുള്ള ഫണ്ടിങ് തടയുന്ന മാർഗങ്ങൾ, ഡിജിറ്റൽ നാണയങ്ങളുമായും അനുബന്ധ അപകടങ്ങളുമായും ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവയിൽ ചർച്ച നടക്കും. തീവ്രവാദ ധനസഹായ ശൃംഖലകളെക്കുറിച്ചുള്ള വിവരങ്ങൾ തിരിച്ചറിയൽ, ട്രാക്ക് ചെയ്യൽ, മറ്റുരാജ്യങ്ങളുമായി വിവരങ്ങൾ കൈമാറൽ എന്നിവയും ലക്ഷ്യമിടുന്നതായി അന്താരാഷ്ട്ര സഹകരണത്തിന്റെ ചുമതലയുള്ള വിദേശകാര്യസഹ മന്ത്രി ഹമദ് അൽ മെഷാൻ അറിയിച്ചു .
ടെററിസ്റ്റ് ഫിനാൻസിങ് ടാർഗെറ്റിങ് സെന്‍റര്‍ അംഗരാജ്യങ്ങളുടെ പ്രതിനിധികൾ ചർച്ചയുടെ ഭാഗമാകും. 2017ലാണ് ടി.എഫ്.ടി.സി സ്ഥാപിതമായത്. യു.എസും സൗദി അറേബ്യയും സംയുക്തമായാണ് സെന്‍ററിന് നേതൃത്വം നൽകുന്നത്. അമേരിക്കക്കും ഗൾഫ് രാജ്യങ്ങൾക്കുമിടയിൽ തീവ്രവാദത്തിനെതിരെയുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിൽ ടി.എഫ്.ടി.സി പ്രധാന പങ്കാണ് വഹിക്കുന്നത് .