കോവിഡ് കേസുകൾ വർധിക്കുന്നു; സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായി കുവൈത്ത് ആരോഗ്യമന്ത്രാലയം
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലും ഒപ്പം ഗൾഫ് മേഖലയിലും കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നു കുവൈത്ത് ആരോഗ്യമന്ത്രാലയം. ലോകാരോഗ്യ സംഘടനയുമായി നിരന്തരം ഏകോപനം നടത്തുന്നുണ്ടെന്ന് മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് പറഞ്ഞു.
കഴിഞ്ഞ ഒരാഴ്‌ചക്കിടെ പ്രതിദിന കോവിഡ് കേസുകളിൽ ഉണ്ടായ വർധനവ് അതീവ ഗൗരവത്തിലാണ് അധികൃതർ കാണുന്നത്. പ്രതിദിന കേസുകൾ 400 ആയി ഉയർന്നിട്ടുണ്ട് . 22 പേരാണ് കോവിഡ് വാർഡുകളിൽ ചികിത്സയിലുള്ളത്. അതേസമയം രാജ്യത്തെ ആരോഗ്യസാഹചര്യം തൃപ്തികരമായ അവസ്ഥയിലാണെന്ന് ആരോഗ്യമന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട് . രാജ്യത്തും ഗൾഫ് മേഖലയിലും ആഗോളതലത്തിലും കോവിഡ് കേസുകൾ ഉയരുന്നത് നിരീക്ഷിച്ചു വരികയാണെന്നും ലോകാരോഗ്യസംഘടനയുമായി നിരന്തരം ഏകോപനം നടത്തുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയ വക്താവ് പറഞ്ഞു.
അണുബാധ തടയുന്നതിനായി അത്യാവശ്യമല്ലാത്ത വിദേശ യാത്രകൾ ഒഴിവാക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു. അടഞ്ഞ സ്ഥലങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ പാലിച്ച് മാത്രം പങ്കെടുക്കണം. ശ്വാസകോശസംബന്ധിയായ രോഗങ്ങൾ ഉള്ള വ്യക്തികൾ മറ്റുള്ളവരുമായി ഇടപെടുമ്പോൾ സൂക്ഷ്മത പുലർത്തണം. അണുബാധ തടയാൻ കുട്ടികൾ വേനൽക്കാല ക്ലബ്ബുകളിൽ പോകുന്നത് ഒഴിവാക്കണം തുടങ്ങിയ നിർദേശങ്ങളും അദ്ദേഹം മുന്നോട്ട് വെച്ചു. രാജ്യത്ത് കോവിഡ് ബാധിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ആരും കഴിയുന്നില്ലെന്ന് ഡോ. അബ്ദുല്ല അൽ സനദ് പറഞ്ഞു.