കോവിഡ് രോഗമുക്തി: ഗൾഫ് രാജ്യങ്ങൾക്കിടയിൽ കുവൈത്ത് രണ്ടാമത്
സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ശസ്ത്രക്രിയകൾക്ക് കുവൈത്ത് ആരോഗ്യ മന്ത്രാലയം ഏർപ്പെടുത്തിയ നിയന്ത്രണം നീക്കി
കോവിഡ് രോഗമുക്തി നിരക്കിൽ ഗൾഫ് രാജ്യങ്ങൾക്കിടയിൽ കുവൈത്തിന് രണ്ടാം സ്ഥാനം. ജിസിസി ഹെൽത്ത് കൗൺസിൽ പുറത്തുവിട്ട ഇൻഡക്സിൽ 98.6% ആണ് കുവൈത്തിന്റെ രോഗമുക്തി നിരക്ക്. അതിനിടെ, സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ശസ്ത്രക്രിയകൾക്ക് ആരോഗ്യ മന്ത്രാലയം ഏർപ്പെടുത്തിയ നിയന്ത്രണം നീക്കി.
കഴിഞ്ഞ ആഴ്ചവരെ ഗൾഫ് രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാമതായിരുന്ന കുവൈത്ത് ഖത്തറിനെ പിന്തള്ളിയാണ് രണ്ടാം സ്ഥാനത്തേക്ക് ഉയർന്നത്. കുവൈത്തിന്റെ രോഗമുക്തി നിരക്ക് 98.6 ശതമാനവും ഖത്തറിന്റേത് 98.5 ശതമാനവും ആണ്. ജിസിസി രാജ്യങ്ങളിൽ ബഹ്‌റൈൻ ആണ് ഏറ്റവും കൂടുതൽ രോഗമുക്തി രേഖപ്പെടുത്തിയത്. 991% ആണ് ബഹ്‌റൈന്റെ കോവിഡ് മുക്തിനിരക്ക്. 97.7 ശതമാനം രോഗമുക്തിയാണ് നാലാം സ്ഥാനത്തുള്ള യുഎഇയിൽ രേഖപ്പെടുത്തിയത്. 97.7 ശതമാനം എന്ന നിരക്കിൽ സൗദി അറേബ്യ റിക്കവറി ഇന്ഡക്സിൽ അഞ്ചാം സ്ഥാനത്തും 96.4% നിരക്കുമായി ഒമാൻ ആറാം സ്ഥാനത്തുമാണ്.
അതിനിടെ, കുവൈത്തിൽ സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ശസ്ത്രക്രിയകൾക്ക് ആരോഗ്യമന്ത്രാലയം ഏർപ്പെടുത്തിയ നിയന്ത്രണം നീക്കി. സ്വകാര്യ ആശുപത്രികൾക്ക് ഞായറാഴ്ച മുതൽ ശസ്ത്രക്രിയകൾ നടത്താം. കോവിഡ് കേസുകൾ കുറഞ്ഞ പശ്ചാത്തലത്തിൽ ആരോഗ്യ മന്ത്രാലയമാണ് ശസ്ത്രക്രിയകൾക്ക് അനുമതി നൽകിയത്. കോവിഡ് രണ്ടാം തരംഗത്തിന്റെ ഭാഗമായി ജൂലൈ നാല് മുതലാണ് സ്വകാര്യ ആശുപത്രികൾ അടിയന്തര സ്വാഭാവമില്ലാത്ത ശസ്ത്രക്രിയകൾ നടത്തുന്നത് അധികൃതർ വിലക്കിയത്.
ഗൾഫ് രാജ്യങ്ങളിലെ കോവിഡ് സാഹചര്യം ഏറെ മെച്ചപ്പെട്ടതായി കുവൈത്ത് കൊറോണ എമർജൻസി കമ്മിറ്റി അധ്യക്ഷൻ ഡോ. ഖാലിദ് സുലൈമാൻ അൽ ജാറല്ല അഭിപ്രായപ്പെട്ടു. തുടർച്ചയായ നാലാം ആഴ്ചയും രോഗവ്യാപന നിരക്ക് കുറയുകയും രോഗമുക്തി നിരക്ക് വർധിക്കുകയും ചെയ്യുന്നത് ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കുവൈത്തിൽ ഏറ്റവുമൊടുവിൽ പുറത്തുവിട്ട കണക്കു പ്രകാരം രോഗസ്ഥിരീകരണ നിരക്ക് 1.16 ശതമാനമായി കുറഞ്ഞിരുന്നു.