സൈബര്‍ തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്നു; മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം
സൈബര്‍ തട്ടിപ്പുകള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ എല്ലാവരും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഗതാഗത നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായതിനെതുടര്‍ന്നാണ് അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തിയത്.
ട്രാഫിക് വകുപ്പിന്‍റെ പേരിൽ വ്യാജ ഇ-മെയിലും, സന്ദേശങ്ങളും അയച്ചുകൊണ്ടാണ് പുതിയ തട്ടിപ്പ് രീതികൾ സജീവമാകുന്നത്. ഇ-മെയിലിനോടൊപ്പമോ, സന്ദേശങ്ങളുടെ കൂടെയോ ഉള്ള ലിങ്കുകൾ തുറക്കരുത്. ഉപഭോക്താക്കളെ ആശയകുഴപ്പത്തിലാക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ക്ലോണിംഗ് നടത്തി യാഥാര്‍ത്ഥ്യമെന്ന് തോനുന്ന രീതിയിലാണ് സൈബര്‍ തട്ടിപ്പുകള്‍ നടത്തുന്നത്.
നിലവില്‍ ട്രാഫിക് ലംഘനങ്ങള്‍ക്കും , പിഴകള്‍ സംബന്ധിച്ചുള്ള അലേര്‍ട്ടുകളും സന്ദേശങ്ങളും ഏകീകൃത സര്‍ക്കാര്‍ ആപ്ലിക്കേഷനായ സഹല്‍ വഴി മാത്രമാണ് അയക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഫോണിലൂടെയും ഇമെയില്‍ വഴിയും ലഭിക്കുന്ന അജ്ഞാത ലിങ്കുകൾ തുറക്കരുതെന്നും, ഇത്തരം ലിങ്കുകള്‍ തുറക്കുന്നതോടെ വ്യക്തിഗത വിവരങ്ങള്‍ നഷ്ടപ്പെടുവാന്‍ സാധ്യത ഏറെയാണെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.