ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് സെപ്റ്റംബറോടെ കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് സൂചന
വിമാനത്താവളങ്ങളുടെ പ്രവർത്തന ശേഷി വർധിപ്പിക്കാനുള്ള മന്ത്രിസഭ തീരുമാനത്തിന് ശേഷം അന്തിമ പ്രഖ്യാപനമുണ്ടാകും.
റെഡ്‌ലിസ്റ്റ് രാജ്യങ്ങളിൽ നിന്നും കുവൈത്തിലേക്കുള്ള വിമാന സർവീസുകൾ സെപ്റ്റംബർ മുതൽ ആരംഭിക്കുമെന്ന് സൂചന. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ആശ്വാസം പകരുന്ന തീരുമാനമാണിത്. വിമാനത്താവളങ്ങളുടെ പ്രവർത്തന ശേഷി വർധിപ്പിക്കാനുള്ള മന്ത്രിസഭ തീരുമാനത്തിന് ശേഷം അന്തിമ പ്രഖ്യാപനമുണ്ടാകും.
ഇന്ത്യ, ഈജിപ്‌ത്, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ , പാകിസ്ഥാൻ എന്നീ രാജ്യങ്ങളെയാണ് കുവൈത്ത് റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത് . ഈ രാജ്യങ്ങളിൽ നിന്ന് നേരിട്ട് വിമാനസർവീസ് ആരംഭിക്കാൻ മാതൃസഭ അനുമതി നൽകുകയും യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ വിവരിച്ചു ഡിജിസിഎ വിജ്ഞാപനം ഇറക്കുകയും ചെയ്തിരുന്നു എന്നാൽ സർവീസ് ആരംഭിക്കുന്ന തിയ്യതി ഡിജിസിഎ പ്രഖ്യാപിച്ചിരുന്നില്ല.
നിലവിൽ പ്രതിദിനം 7,500 യാത്രക്കാർ എന്നതാണ് കുവൈത്ത് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ പ്രവർത്തനശേഷി. ഇത് വർധിപ്പിക്കാൻ അനുമതി തേടി ഡിജിസിഎ മന്ത്രിസഭക്കു കത്തു നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടായാലുടൻ വിമാനസർവീസുകൾ ആരംഭിക്കുമെന്നാണ് സൂചന. വിവരം അടുത്ത ആഴ്ചത്തെ മന്ത്രിസഭായോഗത്തിൽ വിമാനത്താവളത്തിന്‍റെ പ്രവർത്തനശേഷി ഉയർത്തുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വ്യോമയാനവകുപ്പ്.
ഈജിപ്തിൽ നിന്നുള്ള വിമാന ഷെഡ്യൂളുകൾക്ക് അനുമതി തേടിയ കുവൈത്ത് എയർ വേയ്‌സിനോട് മന്ത്രിസഭാ തീരുമാനം വരുന്നത് വരെ കാത്തിരിക്കാൻ ആണ് ഡിജിസിഎ മറുപടി നൽകിയത്. കോവിഡ് എമർജൻസി കമ്മിറ്റി നിശ്ചയിച്ച നിബന്ധനകൾക്ക് അനുസൃതമായി റെഡ്‌ലിസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കുവൈത്തിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കുന്നതിനു കഴിഞ്ഞ ആഴ്ചയാണ് മന്ത്രിസഭ അനുമതി നൽകിയത്.