ഗാർഹിക തൊഴിലാളികളെ പാർപ്പിച്ച കേന്ദ്രത്തിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു
കുവൈത്തിൽ ഫിലിപ്പീൻസ് എംബസിയുടെ കീഴിൽ ഗാർഹിക തൊഴിലാളികളെ പാർപ്പിച്ച കേന്ദ്രത്തിൽ നിന്നും ആളുകളെ ഒഴിപ്പിച്ചതായി പ്രാദേശിക മാധ്യമമായ അൽ ഖബസ് റിപ്പോർട്ട് ചെയ്തു.
സ്ത്രീകളും പുരുഷന്മാരും ഉൾപ്പടെയുള്ള ഇരുന്നൂറിലേറെ ആളുകളെയാണ് ഒഴിപ്പിച്ചത്. എംബസി ഷെൽട്ടറിൽ നിന്നും ഒഴിപ്പിച്ചവരെ സർക്കാർ ഷെൽട്ടറിങ് കേന്ദ്രത്തിലേക്കാണ് മാറ്റിയത്. ഇവരെ ഉടൻ നാട് കടത്തൽ കേന്ദ്രത്തിലേക്ക് മാറ്റുമെന്നാണ് സൂചനകൾ.
നേരത്തെ തൊഴിലാളികളെ എംബസിയിൽ പാർപ്പിക്കുന്നതിനെതിരെ പബ്ലിക് അതോറിറ്റി മാൻപവർ ആരോപണവുമായി വന്നിരുന്നു. കുവൈത്തും ഫിലിപ്പീൻസും തമ്മിൽ ഒപ്പുവച്ച കരാറിന്റെ അടിസ്ഥാനത്തിൽ തൊഴിൽ തർക്ക ഇടപാടുകൾ തൊഴിലാളികളും കുവൈത്ത് മാൻപവർ അതോറിറ്റിയും തമ്മിൽ നേരിട്ടായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. നിലവിൽ കുവൈത്തിൽ രണ്ടര ലക്ഷത്തിലേറെ ഫിലിപ്പീൻസ് തൊഴിലാളികൾ ഉണ്ടെന്നാണ് കണക്കുകൾ.