നിബന്ധനകൾ പുതുക്കി കുവൈത്ത്: പതിനായിരത്തോളം പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് പിൻവലിച്ചു
ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയിലാണ് ഡ്രൈവിംഗ് ലൈസൻസ് നേടിയ വിദേശികളുടെ ഫയലുകള്‍ പുനഃപരിശോധിക്കാൻ അഭ്യന്തര മന്ത്രാലയം തീരുമാനമെടുത്തത്
കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ അനുവദിക്കുന്നതിനുള്ള നിബന്ധനകള്‍ കർശനമാക്കി അധികൃതര്‍. നിബന്ധനകൾ പുതുക്കിയതോടെ 10,000ത്തോളം പ്രവാസികളുടെ ലൈസന്‍സുകള്‍ റദ്ദാക്കിയതായി ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു.
ഡ്രൈവിങ് ലൈസന്‍സിന് ആവശ്യമായ കുറഞ്ഞ ശമ്പള വ്യവസ്ഥ നിലനിർത്താനാകാത്തതിനെ തുടര്‍ന്നാണ് ലൈസൻസ് പിന്‍വലിച്ചത്. ലൈസന്‍സ് നേടിയ ശേഷം ജോലി ചെയ്യുന്ന തസ്‍തികകളില്‍ മാറ്റം വന്നവരുടെയും ഡ്രൈവിങ് ലൈസന്‍സുകള്‍ സ്വമേധയാ റദ്ദാക്കപ്പെടും. ലൈസൻസ് റദ്ദാക്കിയ പ്രവാസികളെ ഫോൺ സന്ദേശങ്ങളിലൂടെ അറിയിക്കുകയും ലൈസൻസ് ട്രാഫിക് അധികൃതര്‍ക്ക് കൈമാറാൻ ആവശ്യപ്പെടുകയും ചെയ്തതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
റദ്ദാക്കിയ ലൈസൻസുമായി വാഹനമോടിക്കുന്നവർക്ക് എതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി .ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയിലാണ് ഡ്രൈവിംഗ് ലൈസൻസ് നേടിയ വിദേശികളുടെ ഫയലുകള്‍ പുനഃപരിശോധിക്കാൻ അഭ്യന്തര മന്ത്രാലയം തീരുമാനമെടുത്തത്.
അതിനിടെ വിദേശികള്‍ ലൈസന്‍സിന് അപേക്ഷിക്കുമ്പോള്‍ ജോലി ചെയ്യുന്ന തസ്‍തിക, ശമ്പളം, വിദ്യാഭ്യാസ യോഗ്യത, സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയവ കര്‍ശനമായി പരിശോധിക്കാന്‍ ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കുവൈത്തിൽ ഏഴു ലക്ഷം വിദേശികൾക്ക് ലൈസൻസുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.