കുവൈത്തില്‍ വിദേശികളുടെ ഡ്രൈവിങ് ലൈസൻസുകള്‍ പുനഃപരിശോധിക്കുന്നു
നിയമവിധേയമല്ലാത്ത 2,47000 ലൈസൻസുകൾ റദ്ദാക്കുമെന്നാണ് സൂചനകള്‍.
കുവൈത്തില്‍ ഡ്രൈവിങ് ലൈസൻസ് നേടിയ വിദേശികളുടെ ഫയലുകള്‍ പുനഃപരിശോധിക്കാൻ ഒരുങ്ങി ആഭ്യന്തര മന്ത്രാലയം. നിയമവിധേയമല്ലാത്ത 2,47000 ലൈസൻസുകൾ റദ്ദാക്കുമെന്നാണ് സൂചനകള്‍.
ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് നടപടിയെന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി അറിയിച്ചു. കുവൈത്തിൽ ഏഴ് ലക്ഷം വിദേശികൾക്ക് ലൈസൻസുണ്ടെന്നാണ് കണക്ക്. വാഹന ലൈസൻസ് ലഭിക്കുന്നതിന് ആവശ്യമായ വിവിധ ഉപാധികള്‍ പാലിക്കാതെ നേടിയ ലൈസന്‍സുകളും ജോലി മാറിയിട്ടും തിരിച്ചേൽപ്പിക്കാത്ത ഡ്രൈവിംഗ് ലൈസൻസുകളും റദ്ദാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
നിലവില്‍ രണ്ട് വർഷം കുവൈത്തിൽ താമസിച്ചവര്‍ക്കും പ്രതിമാസം 600 ദിനാർ ശമ്പളവും സർവകലാശാലാ ബിരുദവുമുള്ളവര്‍ക്കാണ് ലൈസന്‍സുകള്‍ അനുവദിക്കുന്നത്. പുതിയ നടപടികൾ പൂർത്തിയാകുന്നതോടെ ലൈസൻസ് റദ്ദാകുന്നവരുടെ എണ്ണമേറും. കുറഞ്ഞ ശമ്പളമുള്ള തസ്തികയിലേക്ക് ജോലി മാറിയവര്‍, വീടുകളില്‍ ഡ്രൈവറെന്ന പരിഗണനയുള്ളവര്‍, മറ്റു ജോലിയിലേക്ക് മാറിയിട്ടും ലൈസന്‍സ് മാറ്റാത്തവർ തുടങ്ങിയവരെയാണ് പുതിയ തീരുമാനം പ്രതികൂലമായി ബാധിക്കുക